സ്വാശ്രയ വിഷയം; സര്‍ക്കാരിനും മാനേജ്‌മെന്റിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

high-court

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ വിഷയത്തില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനും എതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

എന്‍ആര്‍ഐ സീറ്റില്‍ കൂടുതല്‍ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധി പാലിക്കുന്നില്ലെന്നും, സ്വകാര്യ കോളേജുകളില്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്ത് കൊണ്ടെന്നും ഹൈക്കോടതി ആരാഞ്ഞു.

കുട്ടികളുടെയും രക്ഷിതാക്കളുടെയും അവസ്ഥ ആരും മനസിലാക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

മാത്രമല്ല, ഫീസ് വിഷയം ആകെ കുഴഞ്ഞ് മറഞ്ഞിരിക്കുകയാണെന്നും, ലളിതമായി പരിഹരിക്കേണ്ട വിഷയം സങ്കീര്‍ണമാക്കിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

ഫീസ് ഘടനയുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു വ്യക്തത ഇനിയും വന്നിട്ടില്ലെന്നും, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും കോടതി വിമര്‍ശിച്ചു.

കൂടാതെ, ഫീസ് സംബന്ധിച്ച വിജ്ഞാപനങ്ങളും കോടതി ഉത്തരവുകളും ഹാജരാക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിശദമായി വാദം കേള്‍ക്കുന്നതിനായി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇതു സംബന്ധിച്ച കൃത്യമായ നിലപാട് ചൊവ്വാഴ്ച കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Top