ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കണക്ടിവിറ്റി ലഭ്യമാക്കാന്‍ ടവറുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍.

അപേക്ഷിക്കുന്ന മൊബൈല്‍ കമ്പനികള്‍ക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ആറു മാസത്തിനകം ടവര്‍ നിര്‍മിച്ചു നല്‍കണമെന്നും ആദ്യഘട്ട അപേക്ഷകള്‍ തീര്‍പ്പാക്കണമെന്നും ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം പറഞ്ഞു.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായാണ് പുതിയ പദ്ധതി.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തു സര്‍ക്കാര്‍ വക കെട്ടിടങ്ങളില്‍ ടവര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല.

ടവറുകള്‍ സര്‍ക്കാര്‍ തന്നെ നിര്‍മിച്ചു കമ്പനികള്‍ക്കു വീതിച്ചു നല്‍കാനാണു പുതിയ തീരുമാനം.

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ എ പൊതുമേഖലാ സ്ഥാപനത്തിനാണു ടവര്‍ നിര്‍മാണ ചുമതല.

ആദ്യം ടെലികോം കമ്പനികള്‍ ജില്ലാ ടെലികോം കമ്മിറ്റിക്ക് അപേക്ഷ നല്‍കുകയും, സമിതി പ്രദേശത്തു മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ കവറേജ് കുറവാണോയെന്നു കണ്ടെത്തി, കുറവെങ്കില്‍ സംസ്ഥാനതല ഐടി കമ്മിറ്റിയുടെ തീരുമാനത്തിനായി കൈമാറും.

ഐടി, റവന്യു, പൊതുഭരണം വകുപ്പുകളിലെ സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന സമിതിയാണു ടവര്‍ നിര്‍മാണച്ചെലവ് അനുവദിക്കുക.

കമ്പനിക്കു വേണ്ടി നിര്‍മിക്കുന്ന ടവര്‍ മറ്റു കമ്പനികള്‍ക്കു വാടകയ്ക്കു നല്‍കുന്നതാണു സര്‍ക്കാരിനുള്ള സാമ്പത്തിക നേട്ടം. ഇതിന്റെ വിഹിതം പണം മുടക്കിയ കമ്പനിക്കും ലഭിക്കും.

Top