സ്വകാര്യത സംരക്ഷിക്കാന്‍ ഫെയ്‌സ്ബുക്കിനാകില്ലയെന്നു മുന്‍ ജീവനക്കാരന്‍

ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യതയുടെ കാര്യത്തില്‍ അധികാരികള്‍ സ്വയം നിയന്ത്രണാധികാരം നല്‍കരുതെന്നും ആപ്ലിക്കേഷനു അതു സാധ്യമല്ലെന്നും ഫെയ്‌സബുക്ക് മുന്‍ ജീവനക്കാരന്‍.

സ്വകാര്യതാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഫെയ്‌സബുക്കിനു നേതൃത്വം നല്‍കിയിരുന്ന സാന്‍ഡി പാര്‍കിലാസ് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണു ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഫെയ്‌സ്ബുക്കിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങളുടെ ഇഷ്ടങ്ങള്‍, നിങ്ങളുടെ ലൊക്കേഷന്‍, നിങ്ങളുടെ സുഹൃത്തുക്കള്‍ ആരെല്ലാം, നിങ്ങളുടെ താല്‍പര്യങ്ങള്‍ എന്തെല്ലാമാണ്, നിങ്ങള്‍ക്ക് പ്രണയബന്ധമുണ്ടോ ഇല്ലയോ, ഏതെല്ലാം പേജുകളാണ് നിങ്ങള്‍ സന്ദര്‍ശിക്കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം ഫെയ്‌സ്ബുക്കിനറിയാം.

ഈ വിവരങ്ങളാണ് 100 കോടിയിലധികം വരുന്ന ഫെയ്‌സ്ബുക്ക് ഉപയോക്താക്കളിലേക്ക് പരസ്യപ്രസാധകരെ എത്തിക്കുന്നത്’ എന്ന്‌ പാരാകിലാസ് ലേഖനത്തില്‍ പറയുന്നു.

2016 തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ വഴി റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് അമേരിക്ക കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള സാധ്യതകള്‍ അന്വേഷിച്ച് വരികയാണ് അമേരിക്ക.

എന്നാല്‍ ഇതിനോടു പ്രതികരിച്ച ഫെയ്‌സ്ബുക്ക് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നു അറിയിച്ചെങ്കിലും ഇതു സാധ്യമല്ലെന്നു പാരാകിലാസ് വ്യക്തമാക്കി.

Top