ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എത്യോപ്യയില്‍

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയാണെന്ന് ലോകബാങ്ക്. ലോകബാങ്കിന്റെ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ് പെക്റ്റ്‌സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

എത്യോപ്യയയുടെ ഈ വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 8.3 ശതമാനം ആണെന്ന് ലോകബാങ്ക് പറയുന്നു. അതേസമയം ഇവരുടെ പൊതുകടത്തില്‍ വന്‍വര്‍ധനയുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് വളര്‍ച്ചയെ പുറകോട്ട് വലിച്ചേക്കും.

ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ രാജ്യം ഉസ്ബെക്കിസ്ഥാനാണ്, 7.6 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. ഭൂകമ്പം വിതച്ച തകര്‍ച്ചയില്‍ നിന്നും തിരിച്ചുകയറുന്ന നേപ്പാള്‍ 7.5 ശതമാനം വളര്‍ച്ചാ നിരക്കോടെയാണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

നാലാം സ്ഥാനത്തുള്ള ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 7.2 ശതമാനമാണ്. സര്‍ക്കാര്‍ ചെലവിടല്‍ കൂട്ടിയതും കയറ്റുമതിയിലെ വര്‍ധനയും ഇന്ത്യക്ക് ഗുണകരമാകുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ടാന്‍സാനിയ ആണ് അഞ്ചാം സ്ഥാനത്ത്. അതേസമയം ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടാന്‍ ചൈനയ് ക്ക് സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. 6.5 ശതമാനം പ്രതീക്ഷിത വളര്‍ച്ചാ നിരക്കോടെ 16ാം സ്ഥാനത്താണ് ചൈന.

ജപ്പാനും അമേരിക്കയും ഈ വര്‍ഷം വളര്‍ച്ചാ ട്രാക്കിലേക്ക് തിരിച്ച് കയറുമെന്നും ലോകബാങ്ക് വിലയിരുത്തുന്നുണ്ട്. വികസിത സമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ചാ നിരക്ക് 1.9 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ആഗോള സമ്പദ് വ്യവസ്ഥ ദുര്‍ഘട പാദയിലൂടെ തന്നെയാണ് പോകുന്നതെന്ന് റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തുന്ന വ്യാപാര നിയന്ത്രണങ്ങള്‍ ലോകത്തിന് ഗുണം ചെയ്യില്ലെന്നും നിക്ഷേപത്തിന്റെ ഒഴുക്ക് തടയുമെന്നും ലോകബാങ്ക് വിമര്‍ശിക്കുന്നുണ്ട്.

ആഗോള തലത്തിലുള്ള സര്‍ക്കാരുകളുടെ പൊതു കടം ജി ഡി പിയുടെ 47 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഘടനാപരമായ വിപണി പരിഷ്‌കരണങ്ങള്‍ രാഷ്ട്രങ്ങള്‍ കൈക്കൊള്ളണമെന്ന് ലോകബാങ്ക് നിര്‍ദേശിക്കുന്നു.

Top