ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരം മൂന്നു തരത്തിലുള്ള അര്‍ബുദങ്ങള്‍ക്ക് കൂടി

ദുബായ് : മൂന്നുതരത്തിലുള്ള അര്‍ബുദങ്ങള്‍ കൂടി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ.) അംഗീകരിച്ചിരിക്കുന്ന അടിസ്ഥാന ആരോഗ്യപരിരക്ഷയില്‍ ഉള്‍പ്പെടുന്നു.

‘ബസ്മാഹ്’ എന്ന ഈ സംരംഭത്തിന് കീഴില്‍ സ്തനാര്‍ബുദം, സെര്‍വിക്കല്‍ അര്‍ബുദം, കോളോറെക്ടല്‍ അര്‍ബുദം എന്നിവയ്ക്കായിരിക്കും ചികിത്സ ലഭിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

നേരത്തെയും അടിസ്ഥാന ആരോഗ്യപരിരക്ഷയില്‍ അര്‍ബുദം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പരമാവധി 1,50,000 ദിര്‍ഹം വരെയായിരുന്നു ചികിത്സയ്ക്ക് വേണ്ടി ലഭിച്ചിരുന്നത്.

എന്നാല്‍ ഇനി മുതല്‍ ഇത്തരം രോഗികള്‍ക്ക് രോഗനിര്‍ണയം ഉള്‍പ്പെടെ മുഴുവന്‍ ചികിത്സയ്ക്കും ഇന്‍ഷുറന്‍സ് ലഭിക്കുന്നതാണ്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ആരോഗ്യരംഗത്ത് ഏറ്റവും മികച്ച സേവനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

Top