ആരോഗ്യട്രാക്കിലേക്ക്‌ കടന്ന് ദുബായ് ഫിറ്റ്‌നസ് ചലഞ്ച് നാളെ മുതല്‍ ആരംഭിക്കുന്നു

ദുബായ് : ആരോഗ്യ ട്രാക്കിലേക്കു ക്ഷണിച്ചുകൊണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഫിറ്റ്‌നസ് ചലഞ്ച് നാളെ മുതല്‍ ആരംഭിക്കുന്നു.

സഫാ പാര്‍ക്കില്‍ നാളെ ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി ഒന്‍പതുവരെയായിരിക്കും പരിപാടി നടക്കുക.

കൂടാതെ ജനപങ്കാളിത്തം കണക്കിലെടുത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ ഏഴുവരെയും പരിപാടികള്‍ ഉണ്ടായിരിക്കും.

മുന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരിപായിയില്‍ പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ട്.

ചലഞ്ചില്‍ പങ്കെടുക്കാനുള്ള ഷെയ്ഖ് ഹംദാന്റെ ക്ഷണം യുഎ ഇയില്‍ എല്ലാവര്‍ക്കും എസ്എംഎസ് സന്ദേശമായി ലഭിച്ചു.

രജിസ്റ്റര്‍ ചെയ്യാനുള്ള സൈറ്റിന്റെ ലിങ്ക് സഹിതമുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍ തുടങ്ങിയവ ഇതുമായി സഹകരിക്കും. എയറോബാറ്റിക്‌സ്, ഫുട്‌ബോള്‍, യോഗ, സൈക്ലിങ് തുടങ്ങിയവയും പരിപാടിയില്‍ പ്രോല്‍സാഹിപ്പിക്കും.

ദുബായ് കളര്‍ റണ്‍, ദുബായ് മാസ്സ് സ്വിം, ദുബായ് സ്‌കൂള്‍സ് ഫിറ്റ്‌നസ് ഗെയിംസ് എന്നിവയും ഇതോടനുബന്ധിച്ചുണ്ടാകും.

Top