യുവനടി ആക്രമിക്കപ്പെട്ട കേസ് ; കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും, ദിലീപ്‌ എട്ടാം പ്രതി

dileep

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും.

നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക.

11 പ്രതികളാണ് അനുബന്ധ കുറ്റപത്രത്തിലുളളത്.

300ല്‍പ്പരം സാക്ഷി മൊഴികളും, 450ലേറെ നിര്‍ണ്ണായക രേഖകളും കുറ്റപത്രത്തിന്റെ ഭാഗമാകും.

ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടാകുമെന്നാണ് സൂചന.

പള്‍സര്‍ സുനിയുള്‍പ്പടെ ഏഴു പേര്‍ പ്രതികളായ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ആറുമാസത്തിന് ശേഷമാണ് അന്വേഷണ സംഘം പഴുതടച്ച അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

നേരത്തെ, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നു.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ജയിലില്‍ ഉണ്ടായിരുന്ന ചാര്‍ളിയുടെ രഹസ്യ മൊഴിയെടുക്കാനുള്ള നീക്കം ദിലീപ് തടഞ്ഞെന്നും, ലക്ഷ്യയിലെ ജീവനക്കാരനെയും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അറിയിച്ചു.

പാസ്പോര്‍ട്ട് കിട്ടണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തായിരിക്കും റിപ്പോര്‍ട്ട്.

Top