കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം കുറക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് കേന്ദ്രം

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം കുറക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചു.

വൈസ് പ്രസിഡന്റുമാരുടെ എണ്ണം ആറില്‍ നിന്ന് ഒന്നായി കുറക്കണമെന്നാണ് പ്രധാന നിര്‍ദേശം, ഇത് സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള റിട്ടേണിങ് ഓഫിസര്‍ സുദര്‍ശന്‍ നാച്ചിയപ്പയ്ക്ക് കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്‌.

22 ജനറല്‍ സെക്രട്ടറിമാര്‍ എന്നത് നാലായി കുറയ്ക്കണമെന്നും ശുപാര്‍ശയുണ്ട്, വനിതാ ദളിത് ന്യൂനപക്ഷ പ്രാതിനിധ്യവും ഇതില്‍ ഉണ്ടാവണം.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലേയും ജംബോ കമ്മിറ്റികള്‍ വെട്ടിക്കുറക്കണമന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പുതിയ നിര്‍ദേശം.

സെക്രട്ടറിമാരുടെ എണ്ണവും കുറക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം, കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം നൂറില്‍ നിന്ന് നാല്‍പ്പതായി കുറക്കണമെന്നും ശുപാര്‍ശയുണ്ട്.

കേന്ദ്ര നിര്‍ദേശം കെ.പി.സി.സി നേതൃത്വം അതേപടി അംഗീകരിച്ചേക്കില്ലെന്നാണ് സൂചന. ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കൂടുതല്‍ നേതാക്കളെ പാര്‍ട്ടി പദവികളില്‍ നിയോഗിക്കേണ്ടി വരുമെന്നതാണ് ഇതിന് കാരണം.

പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഭാഗമായിരുന്ന പലരേയും കെപിസിസി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യവുമുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ കേന്ദ്ര നിര്‍ദേശത്തോടുള്ള മറുപടി കെപിസിസി നല്‍കുകയുള്ളൂ.

Top