ഉരുക്ക് ഉല്‍പന്നങ്ങള്‍ക്ക് ആന്റി ഡംപിങ്ങ് നികുതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉരുക്ക് ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി നിയന്ത്രണ (ആന്റി ഡംപിങ്) നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ചൈനയിലും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ഉരുക്ക് ഉല്‍പന്നങ്ങള്‍ക്കാണ് നികുതി ചുമത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്.

വാഹന, നിര്‍മാണ, ഘന വ്യവസായ മേഖലകളില്‍ ഉപയോഗിക്കുന്ന ചില ഇനങ്ങള്‍ക്കാണു നിയന്ത്രണ നികുതിയെന്നു അധികൃതര്‍ പറയുന്നു.ആഭ്യന്തര ഉല്‍പാദകരെ സഹായിക്കുന്നതിനാണു പുതിയ നടപടി.

ചൈനയ്ക്കു പുറമെ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക് ഇനങ്ങള്‍ക്കു നിയന്ത്രണ നികുതി ചുമത്തുന്നതു തുടരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.അഞ്ചു വര്‍ഷത്തേക്കാണ് നിയന്ത്രണ നികുതി ചുമത്തുന്നത്.

ചൈനയില്‍നിന്നുള്ള ഇറക്കുമതിയുടെ കുത്തൊഴുക്കു തടയാനായി കളിപ്പാട്ടങ്ങള്‍, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയുടെ നിലവാര പരിശോധന കര്‍ശനമാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യയിലെ കളിപ്പാട്ട വിപണിയില്‍ 85 ശതമാനവും ചൈനീസ് ഉല്‍പന്നങ്ങളാണ്.ചൈനീസ് ഉല്‍പന്നങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ പ്രസ്ഥാനമായ ‘സ്വദേശി ജാഗരണ്‍ മഞ്ച്’ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

വിപണിയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഇടപെടുന്നതിനു മഞ്ചിന്റെ നിലപാടും കാരണമായി സൂചിപ്പിക്കപ്പെടുന്നു

Top