പാന്‍ കാര്‍ഡ് ബിസിനസ് ആധാറാക്കി മാറ്റാന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കമ്പനികള്‍ക്കും സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്കും വേണ്ടിയുള്ള ബിസിനസ് ആധാറായി പെര്‍മനന്റ് എക്കൗണ്ട് നമ്പര്‍ മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമെടുത്ത ഈ തീരുമാനം കള്ളപ്പണത്തെ തടയുകയെന്ന പ്രധാന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്.

ഇതിനായി ആദായ നികുതി നിയമം, കള്ളപ്പണം തടയല്‍ നിയമം എന്നിവയില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദേശവും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്.

പ്രതിവര്‍ഷം 2 ലക്ഷം രൂപയ്ക്കു മുകളില്‍ നിരവധി ഇടപാടുകള്‍ നടത്തുന്ന സംരംഭങ്ങള്‍ ഈ ചട്ടങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന കാര്യത്തില്‍ ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനത്തിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമായതിനാല്‍ മിക്ക ബിസിനസുകള്‍ക്കും എന്‍ജിഒകള്‍ക്കും പാന്‍ കാര്‍ഡ് ഉണ്ട്. ബാങ്കുകളിലെ നോ യുവര്‍ കസ്റ്റമര്‍ മാനദണ്ഡപ്രകാരവും പാന്‍ ആവശ്യമാണ്.

പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കലാണ് ഭേദഗതികള്‍ വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മാത്രമല്ല, കമ്പനികളുടെ രജിസ്‌ട്രേഷന്‍ സമയത്ത് ബിസിനസുകളും പങ്കാളിത്ത സ്ഥാപനങ്ങളും ആധാര്‍ നല്‍കണമെന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്.

ഇതുവഴി കമ്പനികളുടെ ഡയറക്റ്റര്‍മാരെയും പ്രമോട്ടര്‍മാരെയും എളുപ്പത്തില്‍ കണ്ടുപിടിക്കാനും വ്യക്തത വരുത്താനും സാധിക്കും.

അതിനാല്‍ തന്നെ, ബിനാമി കമ്പനികള്‍ക്ക് ഈ നീക്കം തിരിച്ചടി നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുഖ്യ മാനേജ്‌മെന്റ് അംഗങ്ങളുടെ ആധാര്‍ സമര്‍പ്പിക്കല്‍ ഭാവിയില്‍ കേന്ദ്രം നിര്‍ബന്ധമാക്കിയേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ബിസിനസുകള്‍ക്ക് വേണ്ടി ആധാര്‍ മോഡല്‍ ഐഡന്റിറ്റി ഉള്‍പ്പടെയുള്ള വിവിധ സംവിധാനങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം നിരവധി ചര്‍ച്ചകള്‍ ഐടി മന്ത്രാലയവുമായി നടത്തിയിട്ടുണ്ട്.

പ്രൊവിഡന്റ് ഫണ്ട്, നികുതി, തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച പരാതികള്‍ എന്നിവയ്ക്കായി ഒന്നിലധികം നമ്പറുകള്‍ നല്‍കുന്നതിന് പകരമായി ബിസിനസുകള്‍ക്കുള്ള പ്രത്യേക തിരിച്ചറിയല്‍ നമ്പറായി പാനിനെ ഉപയോഗിക്കാന്‍ ഏതാനും വര്‍ഷം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

സമീപകാലത്ത് സാമ്പത്തിക ക്രമക്കേടിന് മറയായി പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നിരവധി ഷെല്‍ കമ്പനികള്‍ക്ക് നേരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.

വര്‍ഷങ്ങളായി റിട്ടേണുകള്‍ സമര്‍പ്പിക്കാത്ത 2 ലക്ഷത്തിലധികം നിഷ്‌ക്രിയ കമ്പനികളുടെ രജിസ്‌ട്രേഷന്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം റദ്ദാക്കുകയും ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികള്‍ക്കെതിരെ സെബി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Top