കണ്ണൂരില്‍ ‘അഫ്‌സ്പ’ വേണം,പാര്‍ട്ടിയിലുള്ള നിയന്ത്രണം പിണറായിക്ക് നഷ്ടപ്പെട്ടു; ബിജെപി

bjp

തിരുവനന്തപുരം: കണ്ണൂരില്‍ സൈനിക നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. അഫ്‌സ്പ നിയമം അനുസരിച്ച് നിയമ സമാധാനത്തിന്റെ ചുമതല പട്ടാളത്തെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

കണ്ണൂരിലേത് രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്ന് നിവേദനത്തില്‍ ബിജെപി ആരോപിക്കുന്നു.

പൊലീസിന്റെ പൂര്‍ണ്ണ നിയന്ത്രണം കണ്ണൂരിലെ രാഷ്ട്രീയ നേതാക്കളുടെ കൈയിലാണ്. മുഖ്യമന്ത്രി പറയുന്ന വാക്കിന് വിലയില്ലെന്നാണ് ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ വിളിച്ച് പറയുന്നതെന്നും ബിജെപി ചൂണ്ടിക്കാട്ടി. എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് ഗവര്‍ണര്‍ മറുപടി നല്‍കി.

വെള്ളിയാഴ്ച വൈകീട്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തകനും പയ്യന്നൂര്‍ ധന്‍രാജ് വധക്കേസിലെ രണ്ടാം പ്രതിയുമായ ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടത്. പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളില്‍ വച്ച്, വാഹനത്തിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞ ശേഷം ബിജുവിനെ വെട്ടുകയായിരുന്നു.

Top