ടോക്കനുകള്‍ ഉപയോഗിച്ചു ‘വൈഫൈ ദാബ’യുടെ ഏറ്റവും മികച്ച ഓഫര്‍

ടെലികോം രംഗത്തു മികച്ച മാറ്റങ്ങളുമായാണ് ജിയോ വിപണിയിലേക്കെത്തിയത്. ജിയോയ്ക്കു പോലും വെല്ലുവിളിയാകുന്ന ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് മറ്റൊരു കമ്പനി.

‘വൈഫൈ ദാബ’ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി വളരെ ചെറിയവിലയിലാണ് ഡാറ്റ ഓഫര്‍ നല്‍കുന്നത്. വെറും രണ്ട് രൂപയ്ക്കാണ് 100 എംബി ഡാറ്റ നല്‍കുന്നത്.

കൂടാതെ 10 രൂപയ്ക്ക് 500 എംബി ഡാറ്റ, 20 രൂപയ്ക്ക് ഒരു ജിബി ഡാറ്റ എന്നിങ്ങനെയാണ് വൈഫൈ ദാബയുടെ ഇന്റര്‍നെറ്റ് പ്ലാനുകള്‍.

അതേ സമയം ഒരു ദിവസത്തെ കാലാവധിയാണ് ഓഫറുകള്‍ക്കു ലഭിക്കുക.ബെംഗളുരുവിലെ ചായക്കടകള്‍, ബേക്കറികള്‍ പോലുള്ള ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന ടോക്കനുകള്‍ ഉപയോഗിച്ചാണ് വൈഫൈ ദാബ ഡാറ്റ നല്‍കുന്നത്.

പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ ഫൈബര്‍ ഓപ്റ്റിക് കേബിളുകള്‍ വഴി ബന്ധിപ്പിച്ച വൈഫൈ റൂട്ടറുകള്‍ വഴിയാണ് ഇവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നത്.

100 മുതല്‍ 200 മീറ്റര്‍ ചുറ്റളവില്‍ 50 എംബിപിഎസ് വേഗതയിലാണ് വൈഫൈ ദാബയുടെ ഇന്റര്‍നെറ്റ് ലഭിക്കുക. വൈഫൈ ദാബയുടെ നെറ്റ്‌വര്‍ക്കുമായി വൈഫൈ നിങ്ങളുടെ ഫോണ്‍ ബന്ധിപ്പിക്കുമ്പോള്‍ ബ്രൗസര്‍ തുറന്നുവരും ഇതില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി ഡാറ്റ ലഭ്യമാക്കാം.

ഡാറ്റ ആവശ്യമുള്ളവര്‍ അവരുടെ നമ്പറും പിന്നീട് ലഭിക്കുന്ന ഒടിപി വെരിഫിക്കേഷനും നല്‍കിയാല്‍ സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിക്കാം.

‘ പുതിയ രീതിയിലുള്ള അതിവേഗത്തിലുള്ള നെറ്റ്‌വര്‍ക്ക് ആണ്. ബെംഗളുരു നഗരത്തില്‍ വിധം ചിലവ് കുറഞ്ഞ വൈഫൈ സേവനം നല്‍കാന്‍ പോവുകയാണ് ഞങ്ങള്‍. സര്‍ക്കാര്‍ പോലും അത് ചെയ്യില്ല, വന്‍കിട കമ്പനികള്‍ക്ക് അതിനുള്ള അനുവാദമില്ല. പക്ഷെ അത് ഞങ്ങള്‍ നിങ്ങളിലേക്കെത്തിക്കുകയാണ്’ എന്നു ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡറായ വൈഫൈ ദാബയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

ശുഭേന്ദു ശര്‍മ്മ, കരണ്‍ ലക്ഷ്മണ്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥാപനത്തിന് തുടക്കമിട്ടത്.

Top