ലോകകപ്പിനുള്ള അര്‍ജന്റീന ടീമില്‍ സൂപ്പര്‍ താരങ്ങള്‍ ഉണ്ടാകില്ലെന്ന് സൂചന

football

ലോകകപ്പിനുള്ള അര്‍ജന്റീന ടീമില്‍ സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയേക്കില്ലെന്ന് ടീം പരിശീലകന്‍ ജോര്‍ജ് സാംപോളി. ടീമിലെ മുന്നേറ്റനിരയിലെ താരങ്ങളായ മൗറോ ഇക്കാര്‍ഡിയേയും പൗളോ ഡിബാലയയേും ഉള്‍പ്പെടുത്തില്ലെന്നാണ് സുചന.

മെസിയുടെ പകരക്കാരന്‍ എന്ന് വിശേഷണമുളള സൂപ്പര്‍ താരം പൗളോ ഡിബാലയേയും ഇന്റര്‍ മിലാന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയേയും ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന് ഇറ്റലിക്കെതിരായ നടക്കുന്ന സൗഹൃദ മത്സരത്തിന് മുന്നോടിയായി മാഞ്ചസ്റ്ററില് മാധ്യമങ്ങളോട് സംസാരിക്കവെ സാംപോളി പറഞ്ഞു. സൂപ്പര്‍ താരങ്ങളുടെ വലിയ നിര ഉണ്ടെങ്കിലും രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത താരങ്ങളെ താന്‍ ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറ്റലിക്കും സ്‌പെയിനുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങളില്‍ നിന്ന് ഇരുതാരങ്ങളേയും പരിശീലകന്‍ നേരത്തെ ഒഴിവാക്കിയിരുന്നു.’തന്റെയും ടീമിന്റേയും കളിരീതിക്ക് അനുസരിച്ച് ഉപയോഗിക്കാനാകുന്ന താരമല്ല ഡിബാല. അതിനാല്‍ തന്നെ ഇപ്പോള്‍ ടീമിലുള്ള മുന്നേറ്റനിര താരങ്ങളുടെ പ്രകടനം കൂടി വലയിരുത്തേണ്ടിയിരിക്കും .അതിനുശേഷമേ, ഡിബാലയേ ടീമിലുള്‍പ്പെടുത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനുമുണ്ടാകുകയുള്ളുവെന്ന് സാംപോളി പറഞ്ഞു. ഇക്കര്‍ഡിയുടെ കാര്യത്തില്‍ പ്രതീക്ഷ അസ്തമിച്ചു എന്ന തരത്തിലായിരുന്നു പരിശീലകന്റെ മറുപടി. ‘ടീമിന്റെ ശൈലിയുമായി യോജിച്ചുപോകാന്‍ ഇക്കാര്‍ഡിക്ക് ഒട്ടേറെ സമയം വേണ്ടിവരുമെന്നും നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അതിലെന്നുമായിരുന്നു സാംപോളിയുടെ പ്രതികരണം.

സൗഹൃദമത്സരത്തിനുള്ള ടീമില്‍ നിന്ന് ഇരുവരേയും ഒഴിവാക്കി യുവന്റസിന്റെ തന്നെ ഗോണ്‍സാലോ ഹിഗ്വെയിനേയും അത്‌ലെറ്റിക്കോ താരം എയ്ഞ്ചല്‍ കൊറേയെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top