നൂതന സാങ്കേതിക വിദ്യയുടെ പ്രദര്‍ശനവുമായെത്തിയ ജൈറ്റക്‌സിനു സമാപിച്ചു

ദുബായ്: സാങ്കേതികതയുടെ ഏറ്റവും നൂതനമായ കാഴ്ചകളുടെ പ്രദര്‍ശനവുമായെത്തിയ ജൈറ്റക്‌സിനു സമാപനം.

97 രാജ്യങ്ങളില്‍ നിന്നുള്ള 4500 പ്രദര്‍ശകരാണ് വിവിധ വിഭാഗങ്ങളിലായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിച്ചത്.

സ്മാര്‍ട്ട് ഗവണ്‍മെന്റ് സര്‍വീസസ്, സ്മാര്‍ട്ട് സിറ്റി സര്‍വീസസ്, അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളിലെ കണ്ടുപിടിത്തങ്ങളാണ് ഇക്കുറി പ്രധാനമായും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 1,50,000 പേരാണ് വിവിധ രാജ്യങ്ങളില്‍നിന്ന് മേളയ്‌ക്കെത്തിയത്.

ആദ്യമായി പ്രദര്‍ശിപ്പിച്ച പറക്കും ടാക്‌സി കാല്‍നടക്കാരെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് സീബ്രാ ക്രോസിങ് എന്നിവ പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധ നേടി.

ഇതിനുപുറമെ ദുബായ് ഡ്രൈവിന്റെ നവീകരിച്ച പതിപ്പും ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ജൈറ്റക്‌സില്‍ പുറത്തിറക്കിയിരുന്നു.

15 സെക്കന്‍ഡ് കൊണ്ട് യാത്രാനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ടണലുകളാണ് ഏവരെയും ഒരുപോലെ ആകര്‍ഷിച്ച മറ്റൊരു ജൈറ്റക്‌സ് കാഴ്ച.

ഇക്കുറി ജൈറ്റക്‌സില്‍ ഏറെ ശ്രദ്ധേയമായ സംരംഭങ്ങള്‍ ആവതരിപ്പിച്ച് കൈയടി നേടിയത് ദുബായ് പോലീസാണ്.

പറക്കുന്ന ഹൊവാര്‍ബൈക്കുകളാണ് പോലീസിന്റെ മുഖ്യ ആകര്‍ഷണമായിമാറിയത്.

ഓടിക്കുന്ന ആളെയും വഹിച്ച് അഞ്ചുമീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന പറക്കും ബൈക്ക് ആദ്യമായി പറന്നതും ജൈറ്റക്‌സില്‍ തന്നെയായിരുന്നു.

ഇതിനുപുറമെ സ്മാര്‍ട്ട് ബൈക്കും കുഞ്ഞന്‍ പട്രോളിങ് കാറും സ്‌കൂള്‍ ബസിലെ സ്റ്റോപ്പ് സൈനില്‍ ഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ റഡാറും സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന ഡ്രൈവ് ത്രൂ സെന്ററുകളുമായി ദുബായ് പോലീസ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

കൂടാതെ ദുബായ് ആരോഗ്യവകുപ്പും, മുനിസിപ്പാലിറ്റിയും, അബുദാബിയിലെയും ഷാര്‍ജായിലെയും വിവിധ ഗവണ്‍മെന്റ് വകുപ്പുകളും നിരവധി പുതുമയാര്‍ന്ന സംരംഭങ്ങളുമായെത്തിയിരുന്നു.

Top