Thala Ajith-Jayalalitha’s -Successor

ചെന്നൈ: ശശികലയുടെ നിയന്ത്രണത്തില്‍ തമിഴ്‌നാട് ഭരണം വരാതിരിക്കാന്‍ അണ്ണാഡിഎംകെയിലും പടപ്പുറപ്പാട്.

ജയലളിതയുടെ മരണം സംബന്ധിച്ച് പാര്‍ട്ടി എംപിയായിരുന്ന വ്യക്തി തന്നെ തോഴി ശശികലക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചത് അണികളിലും സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളത്.

പല തമിഴ് മാധ്യമങ്ങളിലും ദുരൂഹത സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.നിലവിലെ ആശങ്കയകറ്റാന്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്ന് കഴിഞ്ഞു.

അതേസമയം മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ തല്‍ക്കാലം അംഗീകരിക്കുന്നുവെങ്കിലും ഭാവി രാഷ്ട്രീയത്തില്‍ കരുത്തനായ നേതാവില്ലാതെ പോവാന്‍ കഴിയില്ലെന്ന നിലപാടിലാണ് എഐഎഡിഎംകെയിലെ വലിയൊരു വിഭാഗം.

പാര്‍ട്ടിക്കകത്ത് നിന്ന് ഉള്ളവരായാലും പുറത്ത് നിന്ന് ശശികല ആയാലും ഭിന്നത സ്വാഭാവികമായും ഉണ്ടാവുമെന്നതിനാല്‍ സിനിമാ രംഗത്ത് നിന്നുള്ള ‘കരുത്തരായ’ താരങ്ങളില്‍ ആരെങ്കിലും നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് അണ്ണാ ഡിഎംകെയിലെ പ്രബല വിഭാഗം ആഗ്രഹിക്കുന്നത്.

ഇതില്‍ പരിഗണനയില്‍ ഒന്നാം നമ്പറുകാരന്‍ തല എന്ന് ആദരവോടെ ആരാധകര്‍ വിളിക്കുന്ന അജിത്ത് തന്നെയാണ്. ജയലളിത പിന്‍ഗാമിയായി അജിത്തിനെ കണ്ടിരുന്നുവെന്ന കാര്യം ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാല്‍ അണ്ണാഡിഎംകെയിലെ ഒരുവിഭാഗത്തിന് ഇതില്‍ അതൃപ്തിയുമുണ്ട്. രാഷ്ട്രീയരംഗത്ത് സജീവമായുള്ളവര്‍ നേതൃസ്ഥാനത്ത് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഈ വിഭാഗം.

ശശികലയാവട്ടെ പിന്‍സീറ്റ് ഡ്രൈവിങ്ങ് നിര്‍ത്തി മുഖ്യധാരയിലേക്ക് വരാനാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലാണ് നോട്ടം.മരണം വരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവും മുഖ്യമന്ത്രി പദവും ജയലളിതയാണ് കൈകാര്യം ചെയ്തിരുന്നത്.

കഴിഞ്ഞദിവസം ജയലളിതക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശശികലയുടെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചത് അവര്‍ക്കുള്ള ‘ഗ്രീന്‍’ സിഗ്നലായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാല്‍ അവിഹിത സ്വത്ത് സമ്പാദനക്കേസില്‍ ജയക്കൊപ്പം കൂട്ട്പ്രതിയായ ശശികലയുടെ ഭാവി സുപ്രീംകോടതിയുടെ അന്തിമവിധിയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ പുതിയ ‘അവതാരത്തെ’ ശശികല ഇറക്കാനും മടിക്കില്ലെന്ന വാര്‍ത്തകളും ഇവിടെ സജീവമാണ്.

എന്നാല്‍ ബിജെപി പാളയത്തില്‍ പാര്‍ട്ടിയെ കെട്ടുന്നതിലും ശശികലയുടെ നേതൃത്വത്തെ അംഗീകരിക്കുന്നതിലും വിമുഖതയുള്ള ഒരുവിഭാഗം അജിത്ത് നേതൃസ്ഥാനത്ത് വരട്ടെയെന്ന നിലപാടിലാണ്.

അമ്മ അതാണ് ആഗ്രഹിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വിഭാഗം ശശികലയുടെ വരവിനെ പ്രതിരോധിക്കാന്‍ ഒരുങ്ങുന്നത്.

തമിഴ്‌നാട്ടില്‍ വീരപരിവേഷമുള്ള അജിത്ത് വന്നാല്‍ അത് എഐഎഡിഎംകെയ്ക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെന്നാണ് കണക്ക്കൂട്ടല്‍.

പാര്‍ട്ടി ഘടകങ്ങളുടെയും എംഎല്‍എമാരുടെയും എംപിമാരുടെയും പിന്‍തുണ ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ശശികലയുടെ നേതൃത്വത്തിലുള്ള വിഭാഗമെങ്കില്‍ മറുവിഭാഗം അണികളെ കൂടെ നിര്‍ത്തി സമ്മര്‍ദ്ദമുണ്ടാക്കാനാണ് ഒരുങ്ങുന്നത്.

ജയലളിതയുടെ രേഖാമൂലമുള്ള ‘ഉറപ്പ്’ അജിത്തിന്റെ കൈവശമുണ്ടെന്നും സമയമാകുമ്പോള്‍ ‘തല’ തന്നെ അത് പുറംലോകത്തെ അറിയിക്കുമെന്നുമുള്ള പ്രചരണവും ശക്തമാണ്.

വിദേശത്തെ ഷൂട്ടിംങ് റദ്ദാക്കി അജിത്ത് ചെന്നൈയില്‍ പറന്നെത്തി ജയലളിതയുടെ ശവകുടീരത്തില്‍ റീത്ത് സമര്‍പ്പിച്ചതോടെ പിന്‍ഗാമിയെ സംബന്ധിച്ച അഭ്യൂഹവും ശക്തമായി കഴിഞ്ഞു.

അജിത്തിന്റെ മിന്നല്‍ ‘സാന്നിധ്യത്തില്‍’ ഞെട്ടിയത് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളാണ്.നാഥനില്ലാത്ത അണ്ണാഡിഎംകെയില്‍ പിളര്‍പ്പ് പ്രതീക്ഷിക്കുന്നവര്‍ കൂടുതല്‍ ശക്തനായ നേതാവിനെ അണ്ണാഡിഎംകെയ്ക്ക് ലഭിച്ചാല്‍ പിന്നെ അടുത്ത തിരഞ്ഞെടുപ്പുകളിലും പച്ച തൊടില്ലെന്ന പേടിയിലാണ്.

ആശങ്കയുടെ മുള്‍മുനയിലായ തമിഴക രാഷ്ട്രീയത്തിന്റെ ഗതി വീക്ഷിക്കുകയാണ് ദേശീയരാഷ്ട്രീയ നേതാക്കള്‍. 42 എംപിമാരെ സംഭാവന ചെയ്യുന്ന തമിഴകം ഇന്ത്യയുടെ ഭരണം പിടിക്കാന്‍ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഏറെനിര്‍ണ്ണായകമാണ്.

ബിജെപി,കോണ്‍ഗ്രസ്സ് നേതാക്കള്‍ മാത്രമല്ല ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പോലും അഴിമതി കേസില്‍ ജയിലിലടക്കപ്പെട്ട ജയലളിതയുടെ ശവസംസ്‌കാര ചടങ്ങിനെത്തി എന്നത് തമിഴകത്തിന്റെയും എഐഎഡിഎംകെയുടേയും പ്രസക്തിയെയാണ് എടുത്ത് കാണിക്കുന്നത്.

Top