വിഗ്രഹങ്ങള്‍ തകര്‍ത്ത പ്രതിക്ക് നേരെ നാട്ടുകാരുടെ വന്‍ രോഷം, കയ്യേറ്റ ശ്രമം

പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രശ്രീകോവിലിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിക്ക് നേരെ ക്ഷേത്രത്തില്‍ കയ്യേറ്റശ്രമം. തുടർന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കാതെ പ്രതിയേയും കൊണ്ട് പോലീസ് മടങ്ങി.

കേസിലെ പ്രതി തിരുവനന്തപുരം കിളിമാനൂര്‍ പുല്ലയില്‍ സ്വദേശി തെങ്ങുവിളവീട്ടില്‍ മോഹന്‍കുമാറിനെ (45) യാണ് പൂക്കോട്ടുംപാടം ക്ഷേത്രത്തിലേക്ക് ഇന്നലെ രാവിലെ ഒമ്പതിന് തെളിവെടുപ്പിനായി കൊണ്ടുവന്നത്.

വന്‍ പോലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ക്ഷേത്രത്തിന്റെ പ്രധാന കവാടം കഴിഞ്ഞുള്ള ഗേറ്റിലൂടെയാണ് പ്രതിയെ കൊണ്ടു വന്നത്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് റബര്‍തോട്ടത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയുടെ മുന്‍വശത്തായി ഇയാള്‍ സൂക്ഷിച്ചിരുന്ന ബാഗ് കണ്ടെടുത്തു.

ബാഗ് ബിഗ്‌ഷോപ്പറിലാക്കി കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ബാഗില്‍ നിന്ന് രണ്ട് ചുറ്റികകള്‍, തേപ്പുപലക, ചട്ടുകം എന്നിവ കണ്ടെടുത്തു. ആക്രമണം നടത്തിയശേഷം ഇവ ഇവിടെ കൊണ്ടിട്ടതാണെന്ന് പ്രതി പറഞ്ഞു. ഒരു ചുറ്റികയുടെ പിടിപൊട്ടിയ നിലയിലായിരുന്നു. ഭഗവതിയുടെ വിഗ്രഹത്തില്‍ നിന്ന് കവര്‍ന്ന വെള്ളിമാല, മാലയിലുണ്ടായ സ്വര്‍ണ്ണ ലോക്കറ്റ് എടുത്ത ശേഷം ഇവിടെ നിന്ന് ചുറ്റി എറിഞ്ഞതായും പ്രതി വ്യക്തമാക്കി. വെള്ളിമാലക്ക് വേണ്ടി പോലിസും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും ലഭ്യമായില്ല.

temple 2

തുടര്‍ന്ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ വഴിയിലൂടെ പ്രതിയേയും കൊണ്ട് മതിലകത്ത് പ്രവേശിച്ചപ്പോഴാണ് തടിച്ചുകൂടിയ നാട്ടുകാരില്‍ നിന്ന് കയ്യേറ്റ ശ്രമമുണ്ടായത്. ഇതോടെ തെളിവെടുപ്പ് നിര്‍ത്തിവെച്ച് പ്രതിയെ കൊണ്ടു പോവുകയായിരുന്നു.

ക്ഷേത്രത്തില്‍ പുണ്യാഹ ശുദ്ധി നടത്തിയതിനാല്‍ അകത്തു പ്രവേശിക്കാന്‍ തന്ത്രിയുടെ അനുവാദം ലഭ്യമാകണമെന്നും വേണ്ടി വന്നാല്‍ പൂജ കഴിഞ്ഞാല്‍ അതിനു സൗകര്യം ഒരുക്കാമെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ഇതനുസരിച്ച് പുറം ഭാഗത്താണ് തെളിവെടുപ്പ് നടത്തിയത്.

പ്രതി നാലമ്പലത്തില്‍ കയറുവാനായി ഓട് പൊളിച്ച ഭാഗത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. പെരിന്തല്‍മണ്ണ ഡി.വൈ.എസ് പി.മോഹനചന്ദ്രന്‍ സി.ഐ.മാരായ കെ.എം.ദേവസ്യ, എ.ജെ.ജോണ്‍സണ്‍, സന്തോഷ്, എസ്.ഐ മാരായ അമൃത്‌രംഗന്‍, മനോജ് പറയറ്റ, സുനില്‍ പുളിക്കല്‍, ജ്യോതീന്ദ്രകുമാര്‍, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.

Top