ഈ വര്‍ഷത്തെ ദേശീയ ടെലികോം നയത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ട്രായ് അവതരിപ്പിച്ചു

telecom-sector

ന്യൂഡല്‍ഹി: രണ്ടായിരത്തിപതിനെട്ടിലെ ദേശീയ ടെലികോം നയത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ട്രായ് അവതരിപ്പിച്ചു. ലൈസന്‍സിങ്ങും നിയന്ത്രണ ചട്ടക്കൂടുകളും ലളിതവത്കരിക്കുക, 2022ആകുമ്പോള്‍ ആശയവിനിമയരംഗത്ത് 10,000 കോടി ഡോളര്‍ നിക്ഷേപം സമാഹരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളാണ് ഉള്ളത്. ഒപ്പം അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ പുറത്തുവിടുന്ന ഐസിടി ഡവലപ്‌മെന്റ് ഇന്‍ഡക്‌സിലെ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയിലിടം നേടാനും ട്രായ് ലക്ഷ്യമിടുന്നുണ്ട്.

2022ഓടെ രാജ്യത്ത് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, രാജ്യത്തെ 90 ശതമാനം ജനങ്ങളിലേക്ക് വയര്‍ലെസ് ബ്രോഡ് ബാന്റ് കണക്ഷനുകള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക തുടങ്ങിയവ ദേശീയ ടെലികോം നയത്തിന്റെ ലക്ഷ്യങ്ങളാണ്. പൊതു വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ ഉള്‍പ്പടെ വയര്‍ലെസ് ലാന്‍ കണക്റ്റിവിറ്റി വ്യാപിപ്പിച്ച് എല്ലാ പഞ്ചായത്തുകളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നതിനാണ് 2018ല്‍ ട്രായ് പ്രാധാന്യം നല്‍കുന്നത്.

Top