TeamIndus secures launch contract with ISRO

ബെംഗളൂരു: ഗൂഗിള്‍ പ്രഖ്യാപിച്ച മൂന്നുകോടി ഡോളര്‍ സമ്മാനത്തുകയ്ക്കായി ഒരു ഇന്ത്യന്‍ കമ്പനി ചന്ദ്രവാഹനം നിര്‍മിച്ച് വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ‘ടീം ഇന്‍ഡസ്’ ( Team Indus ) ആണ് ഈ ദൗത്യത്തിനു പിന്നില്‍.

2017 അവസാനത്തോടെ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി റോക്കറ്റില്‍ വാഹനത്തെ ചന്ദ്രനിലെത്തിക്കാനാണ് പദ്ധതി. ഇത്തരമൊരു വാഹനം നിര്‍മിച്ച് ചന്ദ്രനില്‍ എത്തിച്ച് വിജയിപ്പിക്കുന്നവര്‍ക്ക് ഗൂഗിളാണ് മൂന്നുകോടി ഡോളര്‍ (ഏകദേശം 200കോടി രൂപ) സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഗൂഗിള്‍ എക്‌സ്‌പ്രൈസ് ലൂണാര്‍ ചലഞ്ചെ’ന്നാണ് ( GLXP ) മത്സരത്തിന്റെ പേര്.

നൂറിലേറെ അംഗങ്ങള്‍ അടങ്ങുന്നതാണ് ഇന്‍ഡസ് ടീം 2011 ലാണ് നിലവില്‍ വന്നത്. ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ച വിദഗ്ധരും യുവശാസ്ത്രജ്ഞരും ടെക്കികളും ഉള്‍പ്പെടുന്ന പ്രവര്‍ത്തകരാണ് ഈ ടീമില്‍ ഉള്ളത്.

ചന്ദ്രനില്‍ ഇറങ്ങാനുള്ള റോബോര്‍ട്ടിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിന് ഒരു കോടി ഡോളര്‍ 2015 ല്‍ ടീം ഇന്‍ഡസിന് സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ വാഗ്ദാനം ചെയ്തിട്ടുള്ള മൂന്നുകോടി ഡോളറിന്റെ സമ്മാനം ലഭിക്കണമെങ്കില്‍ നിര്‍മിക്കുന്ന വാഹനം ചന്ദ്രനില്‍ 500 മീറ്റര്‍ സഞ്ചരിക്കുകയും മിഷന്‍ കണ്‍ട്രോള്‍ റൂമിലേക്ക് ഹൈ ഡെഫനിഷന്‍ ചിത്രങ്ങളും വീഡിയോകളും അയക്കുകയും വേണം.

ചന്ദ്രനില്‍ ഇറങ്ങാനായി ടീം ഇന്‍ഡസ് രൂപകല്‍പ്പന ചെയ്യുന്ന വാഹനം പരീക്ഷണത്തിന്റെ അഞ്ചാമത്തെ ഘട്ടത്തിലാണിപ്പോള്‍. സ്വതന്ത്രമായി നിയന്ത്രിക്കാവുന്ന നാല് ചക്ര വാഹനമാണ് വാഹനത്തിനുള്ളത്. പത്ത് കിലോഗ്രാം മാത്രം ഭാരമുള്ള ഇത് ചന്ദ്രനില്‍ ഇറങ്ങുന്ന ഏറ്റവും ചെറിയ വാഹനമായിരിക്കും.

പിഎല്‍എല്‍വി റോക്കറ്റില്‍ തങ്ങളുടെ വാഹനം ചന്ദ്രനിലെത്തിക്കാനുള്ള കരാറില്‍ കഴിഞ്ഞ നവംബറില്‍ ഐഎസ്ആര്‍ഒയും ടിം ഇന്‍ഡസും എത്തിയിരുന്നു. ഇന്ത്യന്‍ കമ്പനിക്കൊപ്പം ഗൂഗിള്‍ ലൂണാര്‍ ചലഞ്ചില്‍ പങ്കെടുക്കുന്ന യുഎസ് കമ്പനി ‘മൂണ്‍ എക്‌സ്പ്രസ്സ്’ അവരുടെ വാഹനം ‘റോക്കറ്റ് ലാബി’ന്റെ റോക്കറ്റില്‍ വിക്ഷേപിക്കാനാണ് ഒരുങ്ങുന്നത്. ഇസ്രായേലി കമ്പനിയായ ‘സ്‌പേസ് ഐഎല്‍’ തങ്ങളുടെ വാഹനത്തിനായി സ്‌പേസ്എക്‌സ് ഫാല്‍കണ്‍ 9 റോക്കറ്റ് ബുക്കുചെയ്തു കഴിഞ്ഞു.

ഡിസംബര്‍ 28ന് ടീം ഇന്‍ഡസിന്റെ വാഹനം പിഎസ്എല്‍വിയില്‍ വിക്ഷേപിക്കും. 2018 ലെ റിപ്പബ്ലിക് ദിനത്തില്‍ ചന്ദ്രനില്‍ നിന്ന് വാഹനം നമുക്ക് ‘ഹലോ’ പറയുമെന്ന് ടീം ഇന്‍ഡസിലെ സിസ്റ്റം എഞ്ചിനീയര്‍ കരണ്‍ വൈശ് അറിയിച്ചു.

ഈ ചാന്ദ്രദൗത്യത്തിന് മൊത്തം ചെലവ് ആറ് കോടി ഡോളര്‍ വരുമെന്ന് ടീം ഇന്‍ഡസ് സഹസ്ഥാപകനും ഓപ്പറേഷന്‍സ് മേധാവിയുമായ രാംനാഥ് ബാബു ‘ഫോര്‍ബ്‌സി’നോട് പറഞ്ഞു. വിക്ഷേപണ വാഹനം പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും. പേടകത്തിലെ റോക്കറ്റ് എഞ്ചിനുപയോഗിച്ചാകും വാഹനം ചന്ദ്രന്റെ പ്രതലത്തിലിറങ്ങുക.

വെറുമൊരു ചന്ദ്രവാഹന മത്സരമല്ല ഇത്. ഒരു വാഹനത്തെ ചന്ദ്രന്റെ പ്രതലത്തിലെത്തിച്ച് ഓടിക്കാനുള്ള ശാസ്ത്ര, സാങ്കേതിക വെല്ലുവിളികള്‍ തരണം ചെയ്യുന്നതിനൊപ്പം, ആ ദൗത്യത്തിനായുള്ള ചെലവ് കണ്ടെത്തുകയും വേണം. GLXP യില്‍ പങ്കെടുക്കുന്ന കമ്പനികള്‍ ആ മത്സരത്തിനുള്ള ചെലവില്‍ 90 ശതമാനവും സ്വകാര്യമേഖലയില്‍ നിന്ന് സമാഹകരിക്കണം എന്നാണ് വ്യവസ്ഥയെന്ന് രാംനാഥ് ബാബു അറിയിച്ചു.

2018 ല്‍ ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രദൗത്യമായ ‘ചന്ദ്രയാന്‍II’ വിക്ഷേപിക്കുമെന്നാണ് കരുതുന്നത്. അതിനുള്ള പാതയൊരുക്കലാകും ടീം ഇന്‍ഡസ് ദൗത്യം ചെയ്യുകയെന്ന് കരുതപ്പെടുന്നു.

Top