വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്ക് പോലും സുരക്ഷിതത്വമില്ല; എസ്എഫ്‌ഐക്കെതിരെ കോടതി

കൊച്ചി: വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

മാതാപിതാക്കളുടെ പണം ധൂര്‍ത്തടിച്ച് ചെഗുവേരയുടെ ടീഷര്‍ട്ടുമിട്ട് തോന്നിയ പോലെ നടക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരെന്നും, കലാലയ രാഷ്ട്രീയം മൂലം ദൈവത്തിന്റെ സ്വന്തം നാട് തൊഴിലവസരമില്ലായ്മയുടെ നാടായി മാറിയെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിമര്‍ശിച്ചു.

പൊന്നാനി എംഇഎസ് കോളേജ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം.

ക്ലാസില്‍ കയറാതെ നടന്ന ശേഷം യൂണിയന്‍ നേതാവാണെന്ന കാരണത്താല്‍ അറ്റന്‍ഡന്‍സ് വേണമെന്ന് വാശി പിടിക്കുന്നത് ശരിയല്ലെന്നും, അടുത്തിടെ താന്‍ മഹാരാജാസ് കോളേജ് സന്ദര്‍ശിച്ചപ്പോള്‍ എസ്എഫ്‌ഐ എന്ന് എല്ലായിടത്തും എഴുതി വച്ചിരിക്കുന്നത് കണ്ടിരുന്നെന്നും, വൃത്തിഹീനമായ ആ ചുവരെഴുത്തുകള്‍ എന്ത് കൊണ്ട് മായ്ച്ചില്ലെന്ന തന്റെ ചോദ്യത്തിന് മരിക്കാന്‍ താല്‍പര്യമില്ലെന്നാണ് അവിടത്തെ പ്രിന്‍സിപ്പല്‍ മറുപടി നല്‍കിയതെന്നും നവനീതി പ്രസാദ് സിംഗ് പറഞ്ഞു.

അധ്യാപകര്‍ക്ക് പോലും സുരക്ഷയില്ലാത്ത വിധം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത തീരുമാനമെടുക്കുന്ന അധ്യാപകരെ കൈകാര്യം ചെയ്യുന്നത് ന്യായീകരിക്കാന്‍ സാക്ഷരതയില്‍ മുന്‍പന്തിയിലാണെങ്കിലും ഉന്നതവിദ്യാസ രംഗത്ത് പിന്നോക്കം പോകുന്നത് കലാലയ രാഷ്ട്രീയത്തിന്റെ അതിപ്രസരം മൂലമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Top