ഇരട്ട പുകക്കുഴലുമായി ടാറ്റ ടിഗോര്‍ ജെടിപി വിപണിയിലേക്ക്

രട്ട പുകക്കുഴലുമായി ടാറ്റ ടിഗോര്‍ ജെ ടി പി വിപണിയിലേക്ക്. 2018 ഓട്ടോ എക്‌സ്‌പോയിലാണ് പെര്‍ഫോര്‍മന്‍സ് കേന്ദ്രീകൃത ടിഗോര്‍ ജെടിപി കോണ്‍സെപ്റ്റിനെ ടാറ്റ പ്രദര്‍ശിപ്പിച്ചത്. അന്നു മോഡലില്‍ ഇരട്ട പുകക്കുഴല്‍ ഒരുങ്ങിയിരുന്നു. ടിഗോര്‍ ജെടിപിയുടെ പ്രൊഡക്ഷന്‍ പതിപ്പിലും ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റ് സംവിധാനം തുടരുമെന്നു പുതിയ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്രീമിയം ഫീച്ചറുകളും സ്‌പോര്‍ടി സ്‌റ്റൈലിംഗ് ഘടനയും കൊണ്ടു ടിഗോറില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ പുതിയ ടിഗോര്‍ ജെടിപിക്ക് കഴിയും.

ടിഗോറിന്റെ പെര്‍ഫോര്‍മന്‍സ് പതിപ്പായി ടിഗോര്‍ ജെടിപി നിരയിലെത്തും. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ജെയം ഓട്ടോമൊട്ടീവ് കമ്പനിയുമായി ചേര്‍ന്നാണ് ടിഗോര്‍ ജെടിപിയെ കമ്പനി വികസിപ്പിക്കുന്നത്. ടിഗോറിനെ പോലെ ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ ടിഗോര്‍ ജെടിപിയും പിന്തുടരുന്നുണ്ട്. സാധാരണ ടിഗോറിനെക്കാളും ഉയര്‍ന്ന വിലയാണ് ടിഗോര്‍ ജെടിപിയ്ക്ക്. കൂടുതല്‍ പക്വത നിഴലിക്കുന്ന രൂപവും, ഭാവവുമാണ് ടിഗോര്‍ ജെടിപിയുടെ പ്രധാന ആകര്‍ഷണ ഘകം.

ഇരുണ്ട സ്‌മോക്കഡ് ഹെഡ്‌ലാമ്പുകള്‍, മാറ്റ് ശൈലിയിലുള്ള പുത്തന്‍ ഗ്രില്ല്, പരിഷ്‌കരിച്ച അലോയ് വീലുകള്‍ എന്നിവ മോഡലിന് കൂടുതല്‍ ഗൗരവം ചാര്‍ത്തുന്നുണ്ട്. പെര്‍ഫോമന്‍സ് സെഡാനായതുകൊണ്ടു കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സും ദൃഢതകൂടിയ സസ്‌പെന്‍ഷനും ടിഗോര്‍ ജെടിപിയുടെ സ്വഭാവ സവിശേഷതയായി മാറും. പുതിയ മിററുകളും പിന്‍ ബമ്പറും ബോഡി കിറ്റും മോഡലിന്റെ സവിശേഷതകളാണ്.

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍, എഞ്ചിന്‍ ഇമൊബിലൈസര്‍ തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളും കാറിലുണ്ടാകും.

Top