tata overtakes honda to take 4th spot in passenger vehicle sales

tata

ന്ത്യന്‍ വാഹന വിപണിയിലെ കഴിഞ്ഞവര്‍ഷത്തെ വില്‍പ്പന കണക്കെടുപ്പില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കു മാറ്റമില്ല. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എം എസ് ഐ എല്‍) നയിക്കുന്ന വിപണിയില്‍ കൊറിയയില്‍ നിന്നുള്ള ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡി(എച്ച് എം ഐ എല്‍)നാണ് രണ്ടാം സ്ഥാനം.

പ്രാദേശിക കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം) മൂന്നാം സ്ഥാനം നിലനിര്‍ത്തി. അതേസമയം ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡിനെ പിന്നിലാക്കി ടാറ്റ മോട്ടോഴ്‌സ് നാലാം സ്ഥാനത്തേക്കു മുന്നേറിയതാണു 2016ലെ ശ്രദ്ധേയമായ മാറ്റം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം വളര്‍ച്ചയോടെ 1,64,123 കാറുകളാണു ടാറ്റ മോട്ടോഴ്‌സ് 2016ല്‍ വിറ്റത്.

ഹോണ്ടയുടെ വില്‍പ്പനയാവട്ടെ 1,56,107 എണ്ണത്തിലൊതുങ്ങി; 2015നെ അപേക്ഷിച്ച് 23% കുറവ്. ഏപ്രിലില്‍ അരങ്ങേറ്റം കുറിച്ച ‘ടിയാഗൊ’യാണു ടാറ്റയ്ക്കു നേട്ടം സമ്മാനിച്ചത്; തുടര്‍ന്നുള്ള മാസങ്ങളിലെല്ലാം വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തിയാണു ‘ടിയാഗൊ’ മുന്നേറുന്നത്.

നവംബറിലാവട്ടെ രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആദ്യ 10 കാറുകള്‍ക്കൊപ്പവും ‘ടിയാഗൊ’ ഇടം നേടി. എന്നാല്‍ ഡിസംബറില്‍ ഈ നേട്ടം ആവര്‍ത്തിക്കാന്‍ കാറിനു കഴിഞ്ഞില്ല.

‘പുകമറ’ വിവാദത്തില്‍ കുടുങ്ങിയ ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്വാഗനെ 10-ാം സ്ഥാനത്തേക്ക് പിന്തള്ളി ജപ്പാനില്‍ നിന്നുള്ള നിസ്സാന്‍ ഒന്‍പതാമതുമെത്തി. ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്‌സന്റെ ശ്രേണിയിലെ ‘റെഡി ഗൊ’യ്ക്കു ലഭിച്ച സ്വീകാര്യതയാണു നിസ്സാനു നേട്ടം സമ്മാനിച്ചത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2016ലെ വില്‍പ്പനയില്‍ 31% വളര്‍ച്ച നേടിയ നിസ്സാന്‍, 6,411 യൂണിറ്റ് വ്യത്യാസത്തിലാണു ഫോക്‌സ്വാഗനെ മറികടന്നത്. പുത്തന്‍ കോംപാക്ട് സെഡാനായ ‘അമിയൊ’യുടെ വരവും ഫോക്‌സ്‌വാഗനെ തുണച്ചില്ല; 2016ല്‍ ഫോക്‌സ്വാഗന്‍ 12,863 ‘അമിയൊ’ വിറ്റപ്പോള്‍ ‘റെഡി ഗൊ’ വില്‍പ്പന 20,114 യൂണിറ്റോളമെത്തി.

ചെറു ഹാച്ച്ബാക്കായ ‘ക്വിഡ്’ സമ്മാനിച്ച കുതിപ്പില്‍ ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ യു എസില്‍ നിന്നുള്ള ഫോഡ് ഇന്ത്യയെ പിന്തള്ളി; എന്നിട്ടും നേരിയ വ്യത്യാസത്തില്‍ ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറി(ടി കെ എം)നു പിന്നിലാവുകയും ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2016ലെ വില്‍പ്പനയില്‍ 146% വര്‍ധനയാണു റെനോ രേഖപ്പെടുത്തിയത്.

ഇന്ത്യന്‍ കാര്‍ വിപണിയില്‍ സമഗ്രാധിപത്യമുള്ള മാരുതി സുസുക്കി ഇന്ത്യ കഴിഞ്ഞ വര്‍ഷം 13,94,972 യൂണിറ്റാണു വിറ്റത്; 2015നെ അപേക്ഷിച്ച് എട്ടു ശതമാനത്തോളം വര്‍ധന. പുത്തന്‍ കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യിലൂടെ വിപണിയില്‍ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന മഹീന്ദ്ര ‘ബൊലേറൊ’യ്ക്കും ഫോഡ് ‘ഇകോ സ്‌പോര്‍ട്ടി’നുമൊക്കെ കനത്ത വെല്ലുവിളി ഉയര്‍ത്താനും കമ്പനിക്കു കഴിഞ്ഞു.

‘ഗ്രാന്‍ഡ് ഐ 10’, ‘എലീറ്റ് ഐ 20’ തുടങ്ങിയവയുടെ ജനപ്രീതി കൈമുതലാക്കി 2016ലെ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം വളര്‍ച്ച നേടാന്‍ ഹ്യുണ്ടേയിക്കു കഴിഞ്ഞു. 5,00,537 യൂണിറ്റ് വില്‍പ്പനയോടെയാണു കമ്പനി രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്; 2015ലെ വില്‍പ്പനയാവട്ടെ 4,76,001 കാറുകളായിരുന്നു.

മൂന്നാമതെത്തിയ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിറ്റത് 2,42,766 യൂണിറ്റാണ്; 2015ല്‍ കമ്പനി വിറ്റതാവട്ടെ 2,24,189 യൂണിറ്റും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനത്തോളം ഇടിവു നേരിട്ടെങ്കിലും 1,31,149 യൂണിറ്റ് വില്‍പ്പനയോടെ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ആറാം സ്ഥാനം സ്വന്തമാക്കി. 2015ല്‍ 1,39,819 കാറുകള്‍ വില്‍ക്കാന്‍ കമ്പനിക്കു കഴിഞ്ഞിരുന്നു.

Top