Tarang Sanchar: The site to check mobile tower radiations to be unveiled by DoT soon

മൊബൈല്‍ ടവറുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന പോര്‍ട്ടലുമായി ടെലികോം വകുപ്പ്. തരംഗ് പോര്‍ട്ടലിലൂടെ റേഡിയേഷന്‍ സംബന്ധിച്ച വിവരങ്ങളും ലഭിക്കും. ഒരു മാസത്തിനുള്ളില്‍ പോര്‍ട്ടല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ടവറുകളിലെ റേഡിയേഷന്റെ തോത് അറിയണമെങ്കില്‍ സര്‍ക്കാര്‍ പരിശോധിച്ച് അറിയിക്കുകയും ചെയ്യും. ഇതിനായി 5000 രൂപ പ്രത്യേക ഫീ ഈടാക്കും. രാജ്യത്തെ എല്ലാ ടവറുകളുടെയും വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

മൊബൈല്‍ ടവര്‍ റേഡിയേഷന്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി തെറ്റിദ്ധാരണയുണ്ട്. ശരിയായ ബോധവത്കരണത്തിലൂടെ അത് മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റേഡിയേഷന്‍ സംബന്ധിച്ച് സാധാരണക്കാരില്‍ അവബോധം ഉണ്ടാക്കാനും അത് അവസരമൊരുക്കുമെന്ന് കേന്ദ്രമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.

മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യയില്‍ റേഡിയേഷന്റെ അനുവദനീയമായ പരിധി പത്തു മടങ്ങ് കുറവാണ്. കൂടുതല്‍ മൊബൈല്‍ ടവറുകള്‍ രാജ്യത്ത് ആവശ്യമാണ്. പോസ്റ്റോഫിസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് മുകളില്‍ ടവറുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Top