തമിഴ്‌നാട്ടില്‍ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന് എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ 19 എംഎല്‍എമാര്‍ പിന്‍വലിച്ച സാഹചര്യത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍.

അതിനായി നിയമസഭ ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും സ്റ്റാലിന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.

ഇന്ന് രാവിലെയാണ് ടി.ടി.വി ദിനകരന്‍ പക്ഷത്തുള്ള 19 എംഎല്‍എമാര്‍ പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായി ഗവര്‍ണറെ അറിയിച്ചത്.

234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്‍ 134 അംഗങ്ങളാണ് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് ഉള്ളത്.

സഭയില്‍ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 117 അംഗങ്ങളുടെ ഭൂരിപക്ഷം വേണം. 19 പേര്‍ പിന്തുണ പിന്‍വലിച്ചാല്‍ 115 പേരുടെ പിന്തുണ മാത്രമേ മന്ത്രിസഭക്ക് ലഭിക്കുകയുള്ളൂ.

ഭരണകക്ഷി ന്യൂനപക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ നീക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം. മാത്രമല്ല, മുഖ്യമന്ത്രിയിലുള്ള വിശ്വാസം തകര്‍ന്നെന്നും ഇവര്‍ ഗവര്‍ണറെ അറിയിച്ചു.

തിങ്കളാഴ്ചയാണ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുമുള്ള പാര്‍ട്ടിയിലെ രണ്ട് പക്ഷങ്ങള്‍ ലയിച്ചതായി പ്രഖ്യാപിച്ചത്.

ലയനത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് ഒ പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Top