സിനിമകളുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിനെ തകര്‍ത്ത് മലയാളി ഹാക്കര്‍മാര്‍

Tamil rockers admin

കോഴിക്കോട്: പ്രദർശനത്തിനെത്തുന്ന സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് വെബ്സൈറ്റുകൾക്ക് പണി കൊടുത്ത് മലയാളി ഹാക്കര്‍മാര്‍. തമിഴ് റോക്കേഴ്സിന്റെ www.tamilrockers.tv, www.tamilrockers.ax, www.tamilrockers.ro എന്നീ വെബ്സൈറ്റുകളാണ് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കണ്‍സോള്‍ ടെക്നോ സോലൂഷന്‍സ് പ്രവർത്തനരഹിതമാക്കിയത്.

ശനിയാഴ്ച രാവിലെ മുതല്‍ വെബ്സൈറ്റുകള്‍ ലഭ്യമല്ലെന്ന് കണ്‍സോള്‍ ടെക്നോ സോലൂഷന്‍സിലെ സാങ്കേതിക വിദഗ്ധന്‍ അരവിന്ദ് മംഗലശ്ശേരി പറയുന്നു. എന്നാല്‍ തമിഴ് റോക്കേഴ്സ് എന്ന പേരില്‍ ഒരു വ്യാജ വെബ്സൈറ്റ് ഓണ്‍ലൈനിലുണ്ട്. ഇത് യഥാര്‍ത്ഥ തമിഴ് റോക്കേഴ്സ് സംഘം അല്ലെന്ന് അരവിന്ദ് അറിയിച്ചു.

മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിലുണ്ടായിരുന്നു. മലയാള സിനിമകള്‍ക്കായി പ്രത്യേകം ഫോള്‍ഡറും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴ് നടൻ വിശാലിന്റെ നേതൃത്വത്തിൽ തമിഴ് റോക്കേഴ്സിനെ തടയിടാനുള്ള ശ്രമം നടന്നിരുന്നു.

എന്നാൽ തമിഴ് റോക്കേഴ്സ് വെബ്സൈറ്റ് പ്രവർത്തനരഹിതമായെങ്കിലും ടൊറന്റ് വഴിയുള്ള വ്യാജസിനിമാ പ്രചരണം തുടരുമെന്ന് അരവിന്ദ് പറഞ്ഞു. സീഡിങ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ടൊറന്റ് വെബ്സൈറ്റുകളെ ബ്ലോക്ക് ചെയ്യുക അസാധ്യമാണെന്നും അദ്ദേഹം പറയുന്നു.

എന്നാൽ തമിഴ് റോക്കേഴ്സിനെ ബ്ലോക്ക് ചെയ്തിരിക്കുന്നത് താത്കാലികമായാണ് അവർക്ക് ഏത് നിമിഷവും തിരികെ വരാൻ കഴിയും. അത് തടയുന്നതിനായി നടപടികൾ സ്വീകരിക്കുകയാണെന്നും അരവിന്ദ് വ്യക്തമാക്കി.

Top