ജയലളിതയുടെ ജീവിതകഥ സിനിമയാകുന്നു, ‘തലൈവി’ ആകാന്‍ രമ്യയും കീര്‍ത്തിയും . . .

ചെന്നൈ: തമിഴക മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുന്നു. തെന്നിന്ത്യയിലെ പ്രമുഖ സംവിധായകനെ മുന്‍ നിര്‍ത്തി ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചതായാണ് സൂചന.തെലുങ്ക് സൂപ്പര്‍ നായിക സാവിത്രിയുടെ കഥ പറഞ്ഞ ‘മഹാനടി’ വന്‍ വിജയമായ പശ്ചാത്തലത്തിലാണ് ജയലളിതയുടെ ജീവിതകഥയും സിനിമയാക്കാന്‍ പ്രചോദനമായിരിക്കുന്നത്.

ജയലളിതയായി അഭിനയിക്കാന്‍ ‘മഹാനടി’യില്‍ സാവിത്രിക്ക് ജീവന്‍ പകര്‍ന്ന കീര്‍ത്തി സുരേഷും രമ്യാ കൃഷ്ണനുമാണ് പരിഗണനയില്‍. സാവിത്രിയുടെ ജീവിതകഥയില്‍ നിന്നും വ്യത്യസ്തമായി രാഷ്ട്രീയ നേതാവായും മുഖ്യമന്ത്രിയായും തമിഴകത്തെ വിറപ്പിച്ച ജയലളിതയുടെ റോള്‍ രമ്യാ കൃഷ്ണനാണ് ചേരൂക എന്ന അഭിപ്രായം ശക്തമാണെങ്കിലും മാര്‍ക്കറ്റ് ‘വാല്യു’ കീര്‍ത്തി സുരേഷിന് അനുകൂലമാണ്.ഇരുവര്‍ക്കും വേണ്ടി സമ്മര്‍ദ്ദവും ശക്തമാണ്.

jaya 1

‘മഹാനടി’ തെലുങ്കില്‍ മാത്രമല്ല, തമിഴകത്തും വന്‍ വിജയമാണ്. കീര്‍ത്തി സമീപ കാലത്ത് അഭിനയിച്ച സിനിമകളില്‍ ഭൂരിപക്ഷവും സൂപ്പര്‍ ഹിറ്റായതും ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന വിജയ് നായകനായ മുരുകദാസ് സിനിമയിലെ പ്രതീക്ഷയും കീര്‍ത്തിക്ക് തന്നെ ഒടുവില്‍ നറുക്ക് വീഴാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം തന്നെ തമിഴക നിയമ സഭയിലും തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ ജയലളിതയുടെ ജീവിത കഥ പുറത്തു വരുന്നത് ഗുണം ചെയ്യുമെന്ന നിലപാടിലാണ് ഭരണപക്ഷമായ അണ്ണാ ഡി.എം.കെ.. ദിനകരന്‍ വിഭാഗവും ഇതേ പ്രതീക്ഷ തന്നെ വച്ചു പുലര്‍ത്തുന്നുണ്ടെങ്കിലും ഇരട്ടയില ചിഹ്നം ഔദ്യോഗിക പക്ഷത്തായത് തിരിച്ചടിയാകുമെന്ന ഭയം അവര്‍ക്കുണ്ട്.

jaya 2

ജയലളിതയുടെ ജീവചരിത്രം സിനിമയാക്കാന്‍ ആദ്യം മുന്‍കൈ എടുത്തിരുന്നത് ദിനകരന്‍ ആണെങ്കിലും ഇപ്പോള്‍ പന്ത് അണ്ണാ ഡി.എം.കെ ഓദ്യോഗിക പക്ഷത്തിന്റെ ക്വാര്‍ട്ടിലാണ്.ഭരണപക്ഷവുമായി ബന്ധപ്പെട്ട നിര്‍മ്മാതാവാണ് ‘അമ്മ’യുടെ സിനിമയ്ക്കായി പ്രമുഖ സംവിധായകനുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിരിക്കുന്നത്.

സിനിമയില്‍ മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രനായി അഭിനയിക്കാന്‍ മമ്മുട്ടിയെയാണ് പരിഗണിക്കുന്നത്. എന്നാല്‍ തെലുങ്കില്‍ മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ റോള്‍ മമ്മുട്ടി നിര്‍വ്വഹിക്കുന്നതിനാല്‍ ഇവിടെയും മമ്മുട്ടി തന്നെ വേണമോ എന്ന അഭിപ്രായവും സജീവമാണ്.മാത്രമല്ല നായിക കഥാപാത്രത്തിനാണ് പ്രാധാന്യമെന്നതിനാല്‍ സൂപ്പര്‍ താരങ്ങള്‍ എം.ജി.ആറിന്റെ കഥാപാത്രമായി അഭിനയിക്കാന്‍ തയ്യാറാകുമോ എന്ന സംശയവും അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.എന്നാല്‍ ആശങ്ക വേണ്ടെന്നും തമിഴകത്തെ ദൈവമായി ഇപ്പോഴും മക്കള്‍ വാഴ്ത്തുന്ന എം.ജി.ആറിനെ അവതരിപ്പിക്കാന്‍ സൂപ്പര്‍സ്റ്റാറുകള്‍ തയ്യാറാകും എന്ന് തന്നെയാണ് ഭരണപക്ഷം നല്‍കുന്ന ഉറപ്പ്.

jaya 3

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഇരുവര്‍’ എന്ന മണിരത്‌നം സിനിമയില്‍ എം.ജി ആറിനെ അവതരിപ്പിച്ച് കയ്യടി നേടിയ മോഹന്‍ലാല്‍ തന്നെ ആ കഥാപാത്രം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലാലിനെ സമീപിക്കാനും ആലോചനയുണ്ട്. മോഹന്‍ലാല്‍ നോ പറഞ്ഞാല്‍ മാത്രം മമ്മുട്ടിയെ പരിഗണിച്ചാല്‍ മതിയെന്നാണ് തീരുമാനം.ഇക്കാര്യങ്ങളില്‍ അധികം താമസിയാതെ തന്നെ തീരുമാനമുണ്ടാകും.

കര്‍ണ്ണാടക ഫലം പുറത്തു വന്നാല്‍ അതിന്റെ അലയൊലി തമിഴകത്തും ഉണ്ടാകുമെന്നാണ് അണ്ണാ ഡി.എം.കെ നേതൃത്വം കരുതുന്നത്. ഈ സാഹചര്യത്തില്‍ എന്ത് വില കൊടുത്തും ഭരണം നിലനിര്‍ത്താന്‍ പറ്റുമോ എന്നതിലല്ല, പ്രതിപക്ഷം പോലും ആകാന്‍ കഴിയാതെ ‘ഒലിച്ച് ‘ പോവാതിരിക്കാനുള്ള മുന്‍ കരുതല്‍ കൂടിയാണ് ജയലളിതയെ മുന്‍ നിര്‍ത്തിയുള്ള സിനിമയത്രെ.

haya 4

രജനിയും കമലും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും ഡി.എം.കെയുടെ കേഡര്‍ സംവിധാനവും ദിനകരന്‍ ഉയര്‍ത്തുന്ന വെല്ലുവിളിയുമെല്ലാം അണ്ണാ ഡി.എം.കെയെ സംബന്ധിച്ച് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.മാത്രമല്ല ജയലളിതക്ക് ശേഷം ഉയര്‍ത്തിക്കാട്ടാന്‍ തലയെടുപ്പുള്ള ഒരു നേതാവും ഭരണപക്ഷത്തില്ല എന്നതും തിരിച്ചടിയാണ്.

തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി തന്നെ ഛിന്നഭിന്നമായി പോകുമെന്ന തിരിച്ചറിവില്‍ അവസാന കച്ചി തുരുമ്പായി തമിഴക വികാരം ഇളക്കുന്നതിനായാണ് ജയലളിതയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തമിഴകത്ത് തലൈവി വീണ്ടും ‘ഉയര്‍ത്തെഴുന്നേല്‍’ക്കുന്നതോടെ പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസത്തിലാണ് ഭരണ പക്ഷം.


റിപ്പോര്‍ട്ട് : ടി അരുണ്‍കുമാര്‍

Top