tamil farmers protest in delhi end

ഡല്‍ഹി: ഡല്‍ഹിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഒന്നരമാസമായി നടത്തിയിരുന്ന സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. മേയ് 25 വരെയാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് സമരനേതാക്കള്‍ അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് നടപടി.

സമരക്കാരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചുവെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമരം പിന്‍വലിക്കുന്നത്. മാര്‍ച്ച് 14 മുതലാണ് ജന്തര്‍ മന്തറില്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സമരം ആരംഭിച്ചത്.

തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടിയുമായാണ് ഇവര്‍ ജന്തര്‍ മന്തറില്‍ സമരത്തിനെത്തിയത്. അതീവ സുരക്ഷിത മേഖലയില്‍ വസ്ത്രം അഴിച്ചു നടുറോഡില്‍ കൊടുംവെയിലില്‍ ശയനപ്രദക്ഷിണം നടത്തുക, എലിയെയും പാമ്പിനെയും കടിച്ചുപിടിച്ച് ഇവര്‍ നടത്തിയ സമരമുറകളും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സമരക്കാരില്‍ ചിലര്‍ തലമുടിയം മീശയും പാതി വടിച്ചും മൂത്രം കുടിച്ചും പ്രതിഷേധിച്ചിരുന്നു.

കര്‍ഷകര്‍ക്കു പ്രതിമാസം 5000 രൂപ പെന്‍ഷന്‍, കാവേരി നദിയിലെ നീരൊഴുക്കു വര്‍ധിപ്പിക്കുക, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കു ചെലവിന് ആനുപാതികമായി വില ലഭ്യമാക്കുക, കടം എഴുതിത്തള്ളുക, രാജ്യത്തെ നദികളെ ദേശസാല്‍ക്കരിക്കുക, നദികളെ ബന്ധിപ്പിച്ചു സ്മാര്‍ട് ജലപാത പദ്ധതി നടപ്പാക്കണമെന്ന എ.സി.കാമരാജിന്റെ ശുപാര്‍ശ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണു സമരക്കാര്‍ ഉന്നയിക്കുന്നത്. നദീസംയോജനത്തിലൂടെ സംസ്ഥാനത്തെ നദികളില്‍ നീരൊഴുക്കു കൂട്ടണം. കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടു സ്വീകരിക്കാതെ തിരിച്ചുപോകില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്.

Top