ബഹ്‌റക്കെതിരെ അന്വേഷണം ; സെന്‍കുമാര്‍ പണി തുടങ്ങി, ആശങ്കയോടെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സെന്‍കുമാര്‍ ‘പണി’ തുടങ്ങി.

ആഭ്യന്തര വകുപ്പ് സെന്‍കുമാറിന് ‘ബദലായി ‘ കാര്യങ്ങള്‍ നടത്താനും നിരീക്ഷിക്കാനും ഏല്‍പ്പിച്ച എഡിജിപി ടോമിന്‍ തച്ചങ്കരിയും എഐജിയും ഉള്‍പ്പെടെയുള്ളവര്‍ പോലും അറിയാതെ നേരിട്ട് ഉത്തരവുകള്‍ ഇറക്കി ഉന്നതരെ ഞെട്ടിച്ചിരിക്കുകയാണ് സെന്‍കുമാര്‍.

മുന്‍ പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റ ഇറക്കിയ ചില ഉത്തരവുകള്‍ റദ്ദാക്കുകയും അവയില്‍ അടിയന്തര അന്വേഷണത്തിനും സെന്‍കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന ഉത്തരവിനെതിരെയാണ് അന്വേഷണം.

അതീവ രഹസ്യ വിഭാഗമായ ടി. ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ തെറിപ്പിച്ച് പകരക്കാരനെ നിയമിക്കാന്‍ രണ്ട് മണിക്കൂറിനിടെ രണ്ട് ഉത്തരവുകള്‍ ഇറക്കുകയും ചെയ്തു.

സെന്‍കുമാര്‍ വരുന്നതിന് തൊട്ടു മുന്‍പാണ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ബ്രൗണ്‍ പെയിന്റ് അടിക്കണമെന്ന് ബെഹ്‌റ ഉത്തരവിട്ടിരുന്നത്. ഒരു കമ്പനിയുടെ പ്രത്യേക ബ്രാന്‍ഡും ഇതില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ എ ഐ ജി ഹരിശങ്കറിനെയാണ് നിയോഗിച്ചിരിക്കുന്നത്.

ബഹ്‌റയുടെ മറ്റ് ചില തീരുമാനങ്ങള്‍ കൂടി പരിശോധനയിലാണെന്നാണ് സൂചന.

സംസ്ഥാന പൊലീസ് മേധാവിയും വിജിലന്‍സ് മേധാവിയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്.

ടി. ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് കുമാരി ബീനയാണ് തെറിച്ച പ്രമുഖ. പകരം സുരേഷ് കൃഷ്ണയെ നിയോഗിച്ചു. പത്തനംതിട്ടയിലെ ഒരു ജൂനിയർ സൂപ്രണ്ടിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

ഇയാൾ ഓഡിറ്റിങ്ങിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ ബെഹ്റ കേസെടുക്കാൻ ഉത്തരവിട്ടിരുന്നില്ല.

അതേസമയം സെന്‍കുമാറിനെതിരെ അന്യായമായി സ്ഥലം മാറ്റിയെന്ന് ചൂണ്ടിക്കാട്ടി കുമാരി ബീന അഭ്യന്തരസെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Top