രാജ്യസ്‌നേഹം ആര്‍ എസ് എസിന്റെ മാത്രം സ്വത്തല്ലെന്ന് സ്വാമി അഗ്നിവേശ്

Swami-Agnivesh

ചങ്ങനാശ്ശേരി: ആര്‍ എസ് എസിന്റെ മാത്രം സ്വത്തല്ല രാജ്യസ്‌നേഹം എന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. കേരളം ബി ജെപി യുടെ ഭരണത്തില്‍ അല്ലാത്തതു കൊണ്ട് താന്‍ ഇവിടെ സുരക്ഷിതനാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ചങ്ങനാശ്ശേരിയില്‍ ജനാരോഗ്യ പ്രസ്ഥാനം സംഘടിപ്പിച്ച കേരളത്തെ ജൈവ സംസ്ഥാനമാക്കണമെന്നാവശ്യപ്പെട്ടുള്ള ഉപവാസത്തില്‍ നടത്തിയ മുഖ്യപ്രഭാഷണത്തിലാണ്‌ സ്വാമി ഇക്കാര്യം സംസാരിച്ചത്.

തോക്കിന്റെ മുനയില്‍ നിന്ന് വന്ദേമാതരം പാടണമെന്ന് ശഠിക്കുന്ന സംഘപരിവാറിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും, രാജ്യസ്‌നേഹം ആര്‍ എസ് എസി ന്റെ മാത്രം സ്വത്ത് അല്ലെന്നും സ്വാമി പറഞ്ഞു. മുസ്ലീംങ്ങളും ക്രിസ്ത്യാനികളും സ്വന്തം രാജ്യത്ത് വേട്ടയാടപ്പെടുകയാണെന്നും. വെറുപ്പിന്റെ രാഷ്ടീയത്തിനെതിരെ താന്‍ ഇനിയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഒത്താശയോടെയാണ് തന്നെ ജാര്‍ഖണ്ഡില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

ജാര്‍ഖണ്ഡിലെ പക്കൂറില്‍ ഒരു പൊതു പരിപാടിക്കിടെയായിരുന്നു സംഭവം. സ്വാമിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച ശേഷം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും അദ്ദേഹത്തെ മര്‍ദ്ദിക്കുകയുമായിരുന്നു.ഇത് ആദ്യമായല്ല സ്വാമിക്ക് പരസ്യമായി മര്‍ദ്ദനം ഏറ്റു വാങ്ങേണ്ടി വന്നിട്ടുളളത്. 2011 ല്‍ അമര്‍നാഥ് യാത്രയെ കുറിച്ച് സംസാരിച്ചതിനും അദ്ദേഹത്തിന് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്.

Top