എര്‍ട്ടിഗ സ്പോര്‍ടിന് പിന്നാലെ ഇഗ്‌നിസ് സ്പോര്‍ടുമായി സുസുക്കി

ഗ്‌നിസ് സ്പോര്‍ട് കോണ്‍സെപ്റ്റ് മോഡലിനെ 2018 ഗെയ്ക്കിന്‍ഡോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു. ഇഗ്‌നിസ് സ്പോര്‍ടിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലായാകും പുതിയ ഇഗ്‌നിസ് സ്പോര്‍ട് കോണ്‍സെപ്റ്റ് വിപണിയില്‍ അവതരിക്കുക.

ഇന്തോനേഷ്യന്‍ വിപണിയില്‍ ഇഗ്‌നിസ് സ്പോര്‍ട് നിലവില്‍ വില്‍പനയ്ക്കെത്തുന്നുണ്ട്. കറുത്ത ബമ്പര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, സ്‌കിഡ് പ്ലേറ്റ്, പിന്‍ സ്പോയിലര്‍ എന്നിവയടങ്ങുന്ന സമ്പൂര്‍ണ്ണ സ്പോര്‍ടി ഹാച്ച്ബാക്കാണ് ഇഗ്‌നിസ് സ്പോര്‍ട്.

വശങ്ങളില്‍ വീതിയേറിയ ചുവന്ന സ്പോര്‍ടി വരകള്‍ കാണാം. സൈഡ് സ്‌കേര്‍ട്ടുകള്‍ക്കും സ്‌കിഡ് പ്ലേറ്റുകള്‍ക്കും നിറം ചുവപ്പാണ്. പതിവു ക്രോം ഗ്രില്ലിന് പകരം എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളാണ് റേഡിയേറ്റര്‍ ഗ്രില്ലില്‍ ഇടംപിടിക്കുന്നത്. 15 ഇഞ്ച് അലോയ് വീലുകളിലാണ് ഹാച്ച്ബാക്ക് ഒരുങ്ങുന്നത്. പുറംമോടിയ്ക്ക് സമാനമായി അകത്തളത്തിലും കറുപ്പു നിറത്തിനാണ് പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്.

ഏറ്റവും ഉയര്‍ന്ന ഇഗ്‌നിസ് വകഭേദങ്ങള്‍ക്ക് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, കീലെസ് എന്‍ട്രി തുടങ്ങിയ മേല്‍ത്തരം ഫീച്ചറുകള്‍ കമ്പനി നല്‍കുന്നുണ്ട്. ഇഗ്‌നിസ് സ്പോര്‍ട് കോണ്‍സെപ്റ്റിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 81.8 bhp കരുത്തും 115 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കാറില്‍ ലഭ്യമാണ്.

Top