sushma swaraj helps indian woman in distress in pakistan

ന്യൂഡല്‍ഹി: പാക് സ്വദേശിയുടെ കമ്പളിപ്പിക്കലിലൂടെ ഭാര്യയാകേണ്ടി വന്ന ഇന്ത്യക്കാരിയായ യുവതിയെ നാട്ടിലെത്തിക്കാനുള്ള നടപടിയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

യുവതി പാകിസ്ഥാനില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും തടവിലാണെന്ന് ഇവരുടെ പിതാവ് യൂട്യൂബ് എസ്ഒഎസ് വിഡിയോ വഴി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.യുവതിയെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനു സുഷമ നിര്‍ദേശം നല്‍കി.

ഒമാന്‍ സ്വദേശിയാണെന്നു പറഞ്ഞ് ഏജന്റ് വഴി ടെലിഫോണിലൂടെയാണു മുഹമ്മദ് യൂനിസ്, മുഹമ്മദി ബീഗത്തെ നിക്കാഹ് കഴിച്ചത്. 1996ലായിരുന്നു ഇത്. ഒമാനിലെ മസ്‌കത്തില്‍ മെക്കാനിക്കായിരുന്നു യൂനിസ്. വിവാഹം കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കുശേഷം ജോലി നഷ്ടപ്പെട്ടപ്പോഴാണ് പാക്കിസ്ഥാന്‍ പൗരനാണു താനെന്ന് യൂനിസ് വെളിപ്പെടുത്തിയതെന്നും യുവതിയുടെ മാതാവ് ഹജാരാ ബീഗം അറിയിച്ചു. മൂന്ന് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമായി അഞ്ച് കുട്ടികളാണ് ഇവര്‍ക്കുള്ളത്. അമ്മ ഹിന്ദുസ്ഥാനിയാണെന്നും എല്ലാ ഹിന്ദുസ്ഥാനികളും ഹിന്ദുക്കളാണെന്നും യൂനിസ് കുട്ടികളോട് അധിക്ഷേപിച്ച് പറയാറുണ്ടെന്നും ഹജാരാ ബീഗം വ്യക്തമാക്കി. ഇന്ത്യയിലേക്കു ജീവനോടെ മടങ്ങിപ്പോകാന്‍ കഴിയില്ലെന്ന് ഇയാള്‍ മുഹമ്മദിയയെ ഭീഷണിപ്പെടുത്തിട്ടുമുണ്ട്.

അതേസമയം, മുഹമ്മദീയ ബീഗത്തെ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടു സംസാരിച്ചെന്നും ഇന്ത്യയിലേക്കു തിരിച്ചെത്താനുള്ള ആഗ്രഹം അവര്‍ അറിയിച്ചെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. എന്നാല്‍ ഹൈദരാബാദ് സ്വദേശിയായ ഇവരുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു. ഇത് എത്രയും വേഗം പുനഃസ്ഥാപിച്ചുകൊടുക്കാന്‍ ഹൈക്കമ്മിഷന് മന്ത്രി നിര്‍ദേശം നല്‍കി.

Top