സൂര്യനെല്ലി മോഡല്‍ പീഡനം ; ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന്

suryanelli model rape case

ആലപ്പുഴ: ജില്ലയിലെ വിവാദമായ പീഡന കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കുരുക്കില്‍.

സൂര്യനെല്ലി മോഡല്‍ പീഡനം നടന്നതായി സംശയിക്കുന്ന സംഭവത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പതിനാറുകാരിയെ പീഡിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം.

പൊലീസുകാര്‍ക്കൊപ്പം ഒരു ഡി.വൈ.എസ്.പിയും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി കൂടെയുണ്ടായിരുന്നവരോട് പറഞ്ഞിരുന്നുവത്രെ.

ഈ മൊഴി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലും പെണ്‍കുട്ടി ആവര്‍ത്തിച്ചാല്‍ ഡി.വൈ.എസ്.പിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തേണ്ടി വരും.

എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ ഡി.വൈ.എസ്.പി പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ഡി.വൈ.എസ്.പി ബേബി വ്യക്തമാക്കുന്നത്.

അതേസമയം ഒരു ഡി.വൈ.എസ്.പി ആരോപണ വിധേയനായ കേസില്‍ അതേ റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കുന്നതിലെ അനൗചിത്യവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. എസ്.പി റാങ്കിലെ ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം

കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ കൈനകരി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നെല്‍സണ്‍ തോമസിനെ ഇന്നലെ വൈകുന്നേരം ബെംഗളൂരുവില്‍ നിന്ന് അന്വേഷണസംഘം പിടികൂടിയിരുന്നു. രാത്രിയില്‍ ആലപ്പുഴയില്‍ എത്തിച്ച നെല്‍സണില്‍ നിന്നും അന്വേഷണ സംഘം മൊഴിരേഖപ്പെടുത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്‍ ഇയാളെ കഴിഞ്ഞദിവസം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പതിനാറുകാരിയായ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവയ്ക്കാന്‍ ഇടനില നിന്ന ആതിരയെയും (24) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ആതിരയെ റിമാന്‍ഡ് ചെയ്ത് ശനിയാഴ്ചതന്നെ സബ് ജയിലിലേക്ക് അയച്ചിരുന്നു. ഇടനിലക്കാരിയായ ബന്ധു പതിനാറുകാരിയായ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മാരാരിക്കുളത്തും എറണാകുളത്തുമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തിച്ച് പലര്‍ക്കും കാഴ്ചവയ്ക്കുകയായിരുന്നത്രേ.

കൂടുതല്‍ പൊലീസുകാര്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വനിതാ എസ്.ഐ ശ്രീദേവിക്ക് മൊഴി നല്കിയിരുന്നു. ഇതോടെ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചുമതല ഡിവൈ.എസ്.പി പി.വി ബേബിക്ക് കൈമാറുകയുമായിരുന്നു.

കഴിഞ്ഞ പത്താം തീയതിയാണ് പീഡന വിവരം പുറത്തായത്. ഇതേതുടര്‍ന്ന് നര്‍ക്കോട്ടിക് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന നെല്‍സനെ കൈനകരി സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ആലപ്പുഴ നഗരവാസിയായ പെണ്‍കുട്ടിയെ ആതിര കൂട്ടിക്കൊണ്ടുപോവുകയും പലര്‍ക്കും കാഴ്ചവച്ചെന്നുമാണ് പരാതി.

എത്രപേര്‍ പീഡിപ്പിച്ചുവെന്ന് അറിയില്ലെന്നും ചിലര്‍ പണത്തിനുപുറമെ ചുരിദാര്‍ വാങ്ങി നല്കിയിരുന്നുവെന്നും പെണ്‍കുട്ടി വനിതാ സി.ഐയോട് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ പൊലീസുകാര്‍ തന്നെ പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്കിയിട്ടുണ്ട്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടിയെ കൂടുതല്‍പേര്‍ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് പെണ്‍കുട്ടിയുടേത്. പെട്ടെന്ന് വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് സ്ഥിരമായി ആതിരക്കൊപ്പം പെണ്‍കുട്ടി പോവുന്നതു കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് സംശയമായി.

അടുത്തയിടെ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോവാനെത്തിയ ആതിരയെ നഗരസഭാ കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ച് പൊലീസിനെ ഏല്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തായത്.

ഉന്നതരുള്‍പ്പെട്ട സംഭവത്തില്‍ ഡിവൈഎസ്പി റാങ്കിലും മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കേസ് അന്വേഷണം കൈമാറിയില്ലെങ്കില്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Top