ഉദ്യോഗ കയറ്റത്തില്‍ എസ് സി എസ് ടി സംവരണത്തിന് സുപ്രീംകോടതിയുടെ വാക്കാല്‍ അനുമതി

ന്യൂഡല്‍ഹി: സ്ഥാനകയറ്റത്തിന് സംവരണം നല്‍കുന്നതില്‍ നിയമാനുസൃതമായി മുന്നോട്ട് നീങ്ങുവാന്‍ സുപ്രീംകോടതിയുടെ പച്ചക്കൊടി. ഉദ്യോഗക്കയറ്റത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണത്തിന് സുപ്രീംകോടതി വാക്കാല്‍ അനുമതി നല്‍കി.

സംവരണ വിവാദത്തില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അന്തിമവിധി വരുന്നതുവരെ നിയമത്തിനുള്ളില്‍നിന്ന് പട്ടിക വിഭാഗക്കാരായ ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സമീപനം കേന്ദ്ര സര്‍ക്കാറിന് സ്വീകരിക്കാമെന്ന് ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ അന്തിമവിധി വരുന്നത് വരെ സംവരണം തുടരാമെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഉദ്യോഗക്കയറ്റത്തിലെ സംവരണം അനിശ്ചിത കാലത്തേക്ക് നീട്ടി 1997 ആഗസ്റ്റ് 13ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഡല്‍ഹി ഹൈകോടതി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന്റെ ഇടക്കാല ഇളവ്.

14,000 ഒഴിവുകള്‍ നികത്താനുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് ആവശ്യപ്പെട്ടു. സര്‍ക്കാറിന് അതിന്റെ ജീവനക്കാര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കേണ്ട ബാധ്യതയുണ്ടെന്ന് പറഞ്ഞപ്പോള്‍ നിയമ പ്രകാരം ഉദ്യോഗക്കയറ്റവുമായി സര്‍ക്കാറിന് മുന്നോട്ടുപോകാമെന്നും എന്നാല്‍, നിയമമെന്താണെന്ന് തങ്ങളിപ്പോള്‍ പറയുന്നില്ലെന്നും ബെഞ്ച് പ്രതികരിച്ചു.

ഇക്കഴിഞ്ഞ മേയ് 17ന് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും എം. ശാന്തനുഗൗഡറും പുറപ്പെടുവിച്ച വിധിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേകാനുമതി ഹര്‍ജി പരിഗണനയിലുണ്ടെന്ന് കരുതി സംവരണക്കാരെ സംവരണക്കാരായും സംവരണമില്ലാത്തവരെ അങ്ങനെയും കണക്കാക്കി ഉദ്യോഗക്കയറ്റം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാറിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Top