ഡല്‍ഹിയിലെ മാലിന്യ കൂമ്പാരം നീക്കം ചെയ്തില്ല; ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

anil

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാലിന്യ കൂമ്പാരം നീക്കം ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തതില്‍ ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. മാലിന്യ സംസ്‌കരണം പ്രാദേശിക ഭരണകൂടത്തിന്റെ ചുമതലയാണെന്ന ഡല്‍ഹി ലഫ്.ഗവര്‍ണറുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു കോടതി.

മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ അദ്ദേഹം അത് വിനിയോഗിക്കുന്നില്ല കോടതി നിരീക്ഷിച്ചു. തനിക്കാണ് അധികാരമെന്നും താനാണ് സൂപ്പര്‍മാനെന്നും നിങ്ങള്‍ പറയുന്നു. എന്നാല്‍ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ ഗാസിപൂര്‍, ഓഖ്‌ല, ഭലാസ്വ എന്നിവിടങ്ങളിലെ ശുചീകരണത്തിനു വേണ്ടി നടന്ന യോഗങ്ങളിലൊന്നും ലെഫ്. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ആരും പങ്കെടുത്തിരുന്നില്ലെന്ന് അമിക്കസ് ക്യൂറി കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമര്‍ശനം.

മാലിന്യം നീക്കം ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് എത്ര നിര്‍ദേശങ്ങള്‍ ലെഫ്. ഗവര്‍ണര്‍ പുറപ്പെടുവിച്ചു ഈ ക്രമക്കേട് പരിഹരിക്കാന്‍ നിങ്ങള്‍ എത്ര സമയമെടുക്കുംകോടതി ആരാഞ്ഞു. മാലിന്യം നീക്കം ചെയ്യല്‍ ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പറേഷനുകളുടെ ചുമതലയാണെന്നും അവയ്ക്കു മേല്‍ തനിക്കാണ് അധികാരമെന്നും കോടതിയില്‍ ലെഫ്. ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ഡല്‍ഹിയില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനോ ഡല്‍ഹി സര്‍ക്കാറിനോ എന്ന ചോദ്യത്തിനാണ് പ്രാദേശിക ഭരണ കൂടങ്ങള്‍ക്കാണ് ഉത്തരവാദിത്തമെന്ന് ഗവര്‍ണര്‍ മറുപടി നല്‍കിയത്. മാലിന്യ സംസ്‌കരണം പ്രാദേശിക സര്‍ക്കാറുകളുടെ ചുമതലയാണെന്നും അതിന്റെ മേല്‍നോട്ടച്ചുമതലയാണ് തനിക്കുള്ളതെന്നുമായിരുന്നു ഗവര്‍ണറുടെ മറുപടി.

ഇത് പരിഗണിച്ച ശേഷമാണ് ജസ്റ്റിസുമാരായ എം ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. വിഷയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറ്റപ്പെടുത്താന്‍ ലെഫ്.ഗവര്‍ണറിന് സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ലെഫ്.ഗവര്‍ണര്‍ക്കാണോ സര്‍ക്കാരിനാണോ കൂടുതല്‍ അധികാരമെന്ന വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ വിധിയായിരുന്നു സുപ്രീം കോടതിയില്‍നിന്നുണ്ടായത്. ഇതിനു പിന്നാലെയാണ് ലെഫ്. ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

Top