സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ ; കേസില്‍ അടുത്ത ബുധനാഴ്ച്ച മുതല്‍ വാദം കേള്‍ക്കും

adhar-card

ന്യൂഡല്‍ഹി: സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരായ കേസില്‍ അടുത്ത ബുധനാഴ്ച്ച മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി.

അംഗവൈകല്യ പെന്‍ഷന്‍, കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം തുടങ്ങി 17 സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരായ ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത്.

ഇതിനെതിരെ മാഗ്‌സെ പുരസ്‌ക്കാരജേതാവ് ശാന്താ സിന്‍ഹ, ഗവേഷക കല്യാണി സെന്‍ മേനോന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി അടിയന്തര വാദം കേള്‍ക്കുക.

ആധാര്‍ നിയമത്തിലെ ചട്ടം ഏഴ് പ്രകാരം വിവിധ വകുപ്പുകള്‍ പുറത്തിറക്കിയ ഉത്തരവിലാണ് ആധാര്‍ വിവരങ്ങള്‍ നല്‍കാത്തവര്‍ക്ക് കേന്ദ്ര സഹായം ലഭിക്കില്ലെന്ന് വ്യക്തമാക്കുന്നത്.

ആധാര്‍ രേഖകള്‍ നല്‍കാനുള്ള അവസാന തിയതി ജൂണ്‍ 30ന് അവസാനിക്കും. ആധാര്‍ ഇല്ലാത്ത നിരവധി പേര്‍ക്ക് ജൂലൈ 1 മുതല്‍ കേന്ദ്ര സഹായം തുടര്‍ന്നും ലഭിക്കാത്ത ഗുരുതര സാഹചര്യമുണ്ടെന്ന് മുതിര്‍ന്ന് അഭിഭാഷകന്‍ ശ്യാം ദിവാന്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ചീഫ് ജസ്റ്റിസ്, ബുധനാഴ്ച്ച മുതല്‍ രണ്ടംഗ ബഞ്ച് കേസില്‍ വാദം കേള്‍ക്കുമെന്നും അറിയിച്ചു.

Top