supreme court sets aside himachal pradesh high court order citing poor english

ന്യൂഡല്‍ഹി: ഉത്തരവിലെ മോശം ഇംഗ്ലീഷ് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിലെ മോശം ഇംഗ്ലീഷ് കാരണം വിധിയിലെ ഉത്തരവ് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ നടപടി.

ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചപ്പോഴാണ് വിധിയിലെ മോശം ഭാഷ ശ്രദ്ധയില്‍പ്പെട്ടത്. കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാടക തര്‍ക്കം സംബന്ധിച്ചുള്ള ഹര്‍ജിയിലെ ഹൈക്കോടതി വിധിയാണ് റദ്ദാക്കിയത്. വാടകക്കാരന്‍ വാടക നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ 1999ലാണ് കെട്ടിടയുടമ കോടതിയെ സമീപിച്ചത്.

2011 ഡിസംബറില്‍ സ്ഥലമുടമസ്ഥന് ഉടമസ്ഥാവകാശ വാറന്റ് ലഭിച്ചെങ്കിലും ഇത് ഭാഗികമായി നടപ്പിലാക്കാന്‍ മാത്രമാണ് കഴിഞ്ഞത്. ഉടമയുടെ സ്ഥലത്ത് ഒരു കട നടത്തിയിരുന്ന വാടകക്കാരനെ ഇവിടെ നിന്ന് നീക്കുകയും ചെയ്തു.

എന്നാല്‍ വാടകക്കാരന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സ്ഥലത്തുനിന്ന് ഇയാളെ ഒഴിവാക്കുന്നതിനായുള്ള ഉത്തരവ് ഇറക്കി.

സ്ഥലയുടമക്ക് വാടക ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിസംബര്‍ 2016ലെ ഹൈക്കോടതി വിധി.

ഈ വിധിയാണ് സുപ്രീം കോടതിയെയും വാദിക്കും പ്രതിക്കും വേണ്ടി ഹാജരായ അഭിഭാഷകരെയും ഒരുപോലെ കുഴക്കിയത്.

Top