10 വയസ്സുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മാനഭംഗത്തിന് ഇരയായ പത്ത് വയസ്സുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഗര്‍ഭസ്ഥ ശിശുവിന് 32 ആഴ്ച പ്രായമായ സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് അനുവദനീയമായ കാലയളവ് പിന്നിട്ടെന്നും ഇനി അത് നടത്തുന്നത് പെണ്‍കുട്ടിക്കും ഉദരത്തിലുള്ള കുഞ്ഞിനും നല്ലതല്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് കോടതി വിധി.

ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടിക്കൊണ്ടുള്ള പെണ്‍കുട്ടിയുടെ അപേക്ഷ ചണ്ഡിഗഡ് ജില്ലാകോടതി തള്ളിയപ്പോഴാണ് അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവ പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപേക്ഷ തള്ളിയത്.

ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി പെരുകുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട അപേക്ഷകളിന്മേല്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് കോടതിയെ സഹായിക്കുന്നതിനായി ഓരോ സംസ്ഥാനത്തും പ്രത്യേകം സ്ഥിരം മെഡിക്കല്‍ ബോര്‍ഡ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാന്‍ കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിന് കോടതി നിര്‍ദ്ദേശം നല്‍കി.

Top