ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട കേസുകള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക്‌

jellikett

ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് കേസുകള്‍ സുപ്രീംകോടതി ഭരണാഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ജെല്ലിക്കെട്ട് നിയമ വിധേയമാക്കുന്നതിന് തമിഴ്‌നാടും മഹാരാഷ്ട്രയും രൂപീകരിച്ച നിയമങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.

ജെല്ലിക്കെട്ടുപോലുള്ള കായിക വിനോദങ്ങള്‍ ‘സാംസ്‌കാരിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാ വകുപ്പ് 20(1) പ്രകാരം അനുവദിക്കുന്നതിന് നിയമം നിര്‍മ്മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടോ എന്നതിലാണ് ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കേണ്ടത്. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര, ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്.

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത നിരോധിക്കുന്ന 1960-ലെ കേന്ദ്ര നിയമം ഭേദഗതി ചെയ്താണ് തമിഴ്‌നാടും മഹാരാഷ്ട്രയും ജെല്ലിക്കെട്ടിന് സംരക്ഷണം നല്‍കാന്‍ നിയമ നിര്‍മ്മാണം നടത്തിയത്. മത സ്വാതന്ത്ര്യത്തിനുള്ള ഭരണഘടന വകുപ്പ് 25, മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെയുള്ള വകുപ്പ് 29 എന്നിവ പരിശോധിച്ചപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തിലൊരു നിയമ നിര്‍മ്മാണം നടത്താനുള്ള അവകാശം ഇല്ലായെന്നും കോടതി പറഞ്ഞു.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുന്നതിനാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. 2017-ല്‍ തമിഴ്‌നാട് പാസ്സാക്കിയ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ ഭേദഗതി ബില്ലിന് എതിരായി മൃഗസ്‌നേഹികളുടെ സംഘടനയായ പേറ്റ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം നവംബറില്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

Top