സുപ്രീം കോടതി വിധി പോണ്ടിച്ചേരിയില്‍ ബേദിയെ പൂട്ടാന്‍ ആയുധമാക്കി കോണ്‍ഗ്രസ് . .

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമിത അധികാരം കൂട്ടിയ ലഫ്‌നന്റ് ഗവര്‍ണര്‍ക്ക് കൂച്ചുവിലങ്ങിട്ട സുപ്രീം കോടതി വിധി പോണ്ടിച്ചേരി ലഫ്‌നന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ തളയ്ക്കാന്‍ ആയുധമാക്കി കോണ്‍ഗ്രസ്. ഡല്‍ഹിയുടെ യഥാര്‍ത്ഥ അധികാരം തെരഞ്ഞെടുത്ത സര്‍ക്കാരിനാണെന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വി.നാരായണ സ്വാമിയെ വിരട്ടി അമിത അധികാരം പയറ്റുന്ന പഴയ ആം ആദ്മി നേതാവ് വനിതാ ഐ.പി.എസുകാരിയായിരുന്ന കിരണ്‍ബേദിയെ മെരുക്കാന്‍ കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്.

ഡല്‍ഹിയില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും നടപ്പാക്കാന്‍ അനുവദിക്കാതെ കടുംപിടുത്തം പിടിച്ച ലഫ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഔദ്യോഗിക വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും സമരം നടത്തിയിരുന്നു. ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്‌നന്റ് ഗവര്‍ണറാണെന്ന ഡല്‍ഹി ഹൈക്കോടതി വിധി തള്ളിയാണ് സുപ്രീം കോടതി ഡിവിഷല്‍ ബെഞ്ച് അധികാരം തെരഞ്ഞെടുത്ത സര്‍ക്കാരിനെന്നു വ്യക്തമാക്കിയത്.

ഇത് പോണ്ടിച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനാണ് അപ്രതീക്ഷിതനേട്ടമായത്. പോണ്ടിച്ചേരി ലഫ്‌നന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയും മുഖ്യമന്ത്രി വി. നാരായണസ്വാമിയും നേരത്തെതന്നെ പോരിലായി
രുന്നു. മിന്നല്‍ സന്ദര്‍ശനങ്ങള്‍ നടത്തിയും സര്‍ക്കാരിനോടോ മുഖ്യമന്ത്രിയോടോ ആലോചിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഉത്തരവിറക്കിയുമാണ് കിരണ്‍ ബേദി നാരായണസ്വാമി സര്‍ക്കാരിനെ നോക്കുകുത്തിയാക്കിയത്. മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണങ്ങള്‍ ചൊരിയാനും ഇരുവരും മടിച്ചിരുന്നില്ല.

സുപ്രീം കോടതി വിധിയില്‍ അതിയായ സന്തോഷമുണ്ടെന്നും ഒരു വര്‍ഷമായി താന്‍ പോണ്ടിച്ചേരി ലഫ്‌നന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയുമായി തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ അവകാശത്തിനായി പോരാടുകയാണെന്നും വി. നാരായണസ്വാമി പ്രതികരിച്ചു. ഡല്‍ഹി വിധി പോണ്ടിച്ചേരിക്കും ബാധകമാണ്. ബേദി കോടതി വിധി പാലിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിക്കുമെന്നും നാരായണസ്വാമി പറഞ്ഞു.

സുപ്രീം കോടതി വിധി വന്ന ശേഷവും പഴയ പൊലീസിലെ പുലിക്കുട്ടിയായ ബേദി തന്റെ പതിവ് പ്രവര്‍ത്തന ശൈലി മാറ്റാതെ സര്‍ക്കാരിനു തലവേദന സൃഷ്ടിച്ചു. ഇന്നു രാവിലെ ഇന്ദിരാ നഗര്‍ ഗസ്റ്റ് ഹൗസ് സന്ദര്‍ശിച്ച ബേദി ക്രമസമാധാനനില സംബന്ധിച്ചയോഗവും വിളിച്ചു.

ഡല്‍ഹിയില്‍ അവസാനിച്ച അധികാര തര്‍ക്കം പോണ്ടിച്ചേരിയില്‍ മൂര്‍ഛിക്കുമോ എന്നതാണ് ഇനി കണ്ടറിയേത്.

Top