ഇന്റര്‍നെറ്റ് വമ്പന്മാര്‍ക്കും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് സംരംഭങ്ങള്‍ തമ്മിലുള്ള ഡാറ്റ പങ്കിടല്‍ പൗരാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും ഇന്റര്‍നെറ്റ് വമ്പന്‍മാരായ ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയ്ക്കും സുപ്രീംകോടതിയുടെ നോട്ടീസ്. ഇതുസംബന്ധിച്ച നിയമപരമായ കാഴ്ച്ചപ്പാട് വ്യക്തമാക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

ഉപയോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന ഡാറ്റ മൂന്നാം കക്ഷികളുമായി പങ്കിടുന്നുണ്ടോയെന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വാട്ട്‌സ് ആപ്പിനോടും ഫേസ്ബുക്കിനോടും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്തെങ്കിലും തരത്തിലുള്ള ഇടക്കാല നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് മുമ്പായി സമര്‍പ്പിക്കപ്പെട്ട വിവരങ്ങള്‍ പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഫേസ്ബുക്ക് ഏറ്റെടുത്തതിനെ തുടര്‍ന്ന് വാട്ട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ സ്വകാര്യതാ നയത്തെ ചോദ്യം ചെയ്ത് രണ്ട് വിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പുതിയ സ്വകാര്യതാ നയപ്രകാരം ഉപയോക്താക്കളില്‍ നിന്ന് ശേഖരിച്ച എല്ലാ വിവരങ്ങളും വാട്ട്‌സ്ആപ്പിന് ഫേസ്ബുക്കുമായി പങ്കുവെക്കാന്‍ സാധിക്കുമെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

എന്നാല്‍ ഈ ആരോപണത്തെ വാട്ട്‌സ്ആപ്പും ഫേസ്ബുക്കും ശക്തമായി എതിര്‍ത്തു. മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കിടല്‍ നടത്തുന്നില്ലെന്ന് വാട്ട്‌സാപ്പിനായി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.

ഉടമസ്ഥ കമ്പനിയായ ഫേസ്ബുക്കുമായി ഡിസ്‌പ്ലേ ചിത്രം, ഡിവൈസ് വിവരങ്ങള്‍, അവസാനം പ്രവേശനം നടത്തിയ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍ എന്നീ വിവരങ്ങള്‍ മാത്രമാണ് വാട്ട്‌സ്ആപ്പ് പങ്കിടുന്നതെന്നും സിബല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ശേഖരിച്ച വിവരങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന കാര്യം സിബല്‍ പിന്നീട് സമ്മതിക്കുകയും ചെയ്തു.

വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ പൂര്‍ണമായും എന്‍ക്രിപ്റ്റ് ചെയ്തിട്ടുള്ളതാണെന്നും അയക്കുന്നവര്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ ഇതില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളുവെന്നും മൂന്നാം കക്ഷിയ്ക്ക് ഡാറ്റാ പ്രവേശനം സാധ്യമല്ലെന്നും സിബല്‍ വിശദീകരിച്ചു.

എന്നിരുന്നാലും ഏതെങ്കിലും മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കു വയ്ക്കുന്നില്ല എന്ന പ്രസ്താവന നടത്താന്‍ സിബല്‍ വിസമ്മതിച്ചു. മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള സര്‍വറുകളില്‍ ഡാറ്റ ശേഖരിക്കപ്പെട്ടേക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണിത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്ന സത്യവാങ് മൂലം സമര്‍പ്പിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

പല്ലവ് മോംഗിയ എന്ന വ്യക്തിയാണ് ഗൂഗിളിനും ട്വിറ്ററിനുമെതിരായ പുതിയ പരാതി സമര്‍പ്പിച്ചത്. നവംബര്‍ 20ന് വാട്ട്‌സ്ആപ്പിനെതിരായ പരാതിക്കൊപ്പം ഈ പരാതിയും സുപ്രീംകോടതി പരിഗണിക്കും.

ഉപയോക്താവിന്റെ അനുമതിയില്ലാതെ ഏതെങ്കിലും കമ്പനി രാജ്യത്തിന് പുറത്തുള്ള മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കിടുന്നതിനെ തടയുന്നതില്‍ സര്‍ക്കാരിന്റെ സ്വകാര്യതാ നിയമങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Top