സുപ്രീം കോടതിയിൽ കോൺഗ്രസ്സിനു തിരിച്ചടി, കർണ്ണാടക പ്രോടെം സ്പീക്കറെ മാറ്റില്ല

speaker

ബംഗളൂരു: കര്‍ണാടക പ്രോടെം സ്പീക്കറായി കെ.ജി.ബൊപ്പയ്യ തുടരും. കീഴ്വഴക്കം നിയമമല്ലെന്നും അതിനാല്‍ ഈ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതിക്ക് പ്രോടെം സ്പീക്കറെ നിയമിക്കാനാകില്ലെന്നും, മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും, അതൊരു കീഴ്‌വഴക്കം മാത്രമാണെന്നും, പ്രായമല്ല സഭയിലെ കാലാവധിയാണ് പരിഗണിക്കേണ്ടതെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്.

പ്രോടെം സ്പീക്കറായ കെ.ജി ബൊപ്പയ്യയുടെ വാദം കേള്‍ക്കാതെ ഉത്തരവിറക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു. കൂടാതെ ബൊപ്പയ്യയുടെ നിയമനം ചോദ്യം ചെയ്താല്‍ വിശ്വാസവോട്ടെടുപ്പ് നീട്ടേണ്ടി വരുമെന്ന് കോണ്‍ഗ്രസ്സിന് സുപ്രീംകോടതി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്ന് കോണ്‍ഗ്രസ്സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പ് കോടതിയില്‍ പകര്‍ത്തണമെന്നും ആവശ്യമുന്നയിച്ചു. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കര്‍ ആക്കാതിരുന്ന സാഹചര്യങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ വ്യക്തമാക്കി. എന്നാല്‍ കെ.ജി. ബൊപ്പയ്യയുടെ ചരിത്രം മറ്റൊന്നാണെന്നും അദ്ദേഹത്തിന്റെ തീരുമാനം മുന്‍പു സുപ്രീംകോടതി റദ്ദാക്കേണ്ടിവന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ്സിനു വേണ്ടി കപില്‍ സിബല്‍ വാദിച്ചു.

കെ.ജി ബൊപ്പയ്യയെ ഗവര്‍ണര്‍ പ്രൊടെം സ്പീക്കറാക്കിയതിന് എതിരെ കോണ്‍ഗ്രസ്സും ജെ.ഡി. എസും സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബഞ്ച് തന്നെയാണ് കേസ് പരിഗണിക്കുന്നത്.

Top