തൂക്കികൊല ഒഴിവാക്കാന്‍ ഹര്‍ജി ; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

hanging

ന്യൂഡല്‍ഹി: തൂക്കിക്കൊല്ലുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.

അഭിഭാഷകനായ റിഷി മല്‍ഹോത്ര സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്.

തൂക്കിക്കൊല്ലുന്നത് കാലഹരണപ്പെട്ട ശിക്ഷാരീതിയാണെന്നും വധശിക്ഷയ്ക്ക് ഇരയാവുന്ന പ്രതികള്‍ക്ക് വേദനയില്ലാതെ മരിക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ഹര്‍ജി.

വധശിക്ഷ നടപ്പാക്കാന്‍ വേദനയില്ലാത്ത മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണം. തൂക്കിക്കൊല്ലുന്നത് ഒഴിവാക്കി മരുന്ന് കുത്തിവയ്ക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മറ്റ് മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ സഹായത്തോടെയാണ് കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ഒരാള്‍ വേദനയോടല്ല,സമാധാനപരമായി മരിക്കണം.വേദനയില്ലാത്ത മരണത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഹര്‍ജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.

ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കു ശേഷം കോടതി വാദം കേള്‍ക്കും.

കുറ്റവാളി മരിക്കുന്നത് വരെ തൂക്കുന്ന രീതി ഏകദേശം മുപ്പതോളം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭരണഘടനാ സാധുതയോടെ പ്രാബല്യത്തില്‍ വന്നത്. ഇന്ത്യന്‍ ഭരണഘടനയെന്നത് കാലോചിത മാറ്റങ്ങള്‍ക്ക് അനുസൃതമായി ചിട്ടപ്പെടുത്തുന്നതാണ്.

ഇന്ന് സാധുത ഉള്ളതിന് ഭാവിയില്‍ സാധുത ഉണ്ടാവണമെന്നില്ലെന്നും കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ നീരീക്ഷിച്ചു.

Top