ജിഷ്ണു പ്രണോയി കേസ് സിബിഐക്ക് വിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കേസ് സിബിഐക്ക് വിട്ട് സുപ്രീം കോടതി.

അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെങ്കില്‍ സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാം.

കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍, കേസ് ഏറ്റെടുക്കില്ലെന്നാണ് സി.ബി.ഐ കോടതിയെ നേരത്തെ അറിയിച്ചിരുന്നത്. ദേശീയ ഏജന്‍സി അന്വേഷിക്കേണ്ട പ്രധാന്യം കേസിനില്ലെന്നായിരുന്നു സി.ബി.ഐ നിലപാട്.

ഇതേ തുടര്‍ന്ന് സി.ബി.ഐക്ക് വന്‍ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട കേസ് ഏറ്റെടുക്കില്ലെന്ന നിലപാടിനെ കോടതിയും വിമര്‍ശിച്ചിരുന്നു.

എന്നാല്‍ നിലപാട് പുനഃപരിശോധിക്കാമെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാര്‍ പിന്നീട് കേസ് സി.ബി.ഐ അന്വേഷിക്കുമെന്നും കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ കേസ് ഏറ്റെടുക്കാമെന്ന് കോടതിയെ അറിയിച്ചത്.

എന്നാല്‍ കേസന്വേഷണം വൈകിപ്പിച്ചതിന് സി.ബി.ഐയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇത്തരം കേസുകള്‍ സിബിഐ ഉടന്‍ ഏറ്റെടുക്കേണ്ടിയിരുന്നു എന്നും അഞ്ച് മാസത്തോളം വെറുതേ പാഴാക്കി കളഞ്ഞെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. അന്വേഷണം വൈകിപ്പിക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കില്ലേ എന്നും കോടതി ആരാഞ്ഞു.

തുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് ജസ്റ്റിസ് എന്‍. വി രമണ അധ്യക്ഷനായ ബഞ്ച് ഉത്തരവിടുകയായിരുന്നു.

Top