കേരളത്തിലെ സൂപ്പര്‍സ്റ്റാറും ദളപതി വിജയ് ! ‘മെര്‍സല്‍’ വരുന്നത് 300 തിയേറ്ററുകളില്‍ . .

കൊച്ചി: മലയാള സിനിമയിലെ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ തമിഴ് സൂപ്പര്‍ താരം ദളപതി വിജയ് !

ഒരു സൂപ്പര്‍ താരത്തിന്റെ സിനിമ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന പ്രത്യേകത ഇനി മെര്‍സലിന് അവകാശപ്പെട്ടതാണ്.

ബാഹുബലി 325 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ടെങ്കിലും അത് നായകന്‍ പ്രഭാസിന്റെ സിനിമയായിട്ടല്ല, മറിച്ച് സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ രാജമൗലിയുടെ സിനിമയായിട്ടാണ് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടിരുന്നത്.

300 ഓളം തിയേറ്ററുകളിലാണ് കേരളത്തില്‍ മാത്രം മെര്‍സല്‍ പ്രദര്‍ശനത്തിനെത്തുന്നത്.

തിയേറ്റര്‍ ഉടമകളും ഈ പ്രാധാന്യത്തോടെ തന്നെയാണ് തിയേറ്ററുകള്‍ അനുവദിച്ചിരുന്നത്.

ബാഹുബലി വിതരണത്തിനെത്തിച്ച ഗ്ലോബല്‍ യുനൈറ്റഡ് മീഡിയ (GUM) തന്നെയാണ് മെര്‍സലും ദീപാവലിക്ക് വിതരണത്തിനെത്തിക്കുന്നത്.

ഇവിടെ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സൂപ്പര്‍താര ചിത്രം മോഹന്‍ലാലിന്റെ പുലിമുരുകനാണ്, 250 തീയേറ്ററുകളില്‍.

അതിനെയാണിപ്പോള്‍ വലിയ മാര്‍ജിനില്‍ ദളപതി സിനിമ മറികടന്നിരിക്കുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി തമിഴ് നടന്‍ വിജയ് മാറിയതിനെ മലയാള സിനിമാലോകം അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്.

വിജയ് കട്ടൗട്ടില്‍ പാലഭിഷേകം നടത്തവെ പാലക്കാട്ട് ഒരു യുവാവ് നിലത്ത് വീണ് മരിക്കുന്ന സാഹചര്യം വരെ കേരളത്തിലുണ്ടായത് ഏവരെയും ഞെട്ടിച്ചിരുന്നു.

സാധാരണ താരാരാധനയില്‍ ചില നിയന്ത്രണങ്ങളൊക്കെ പാലിക്കുമെന്ന് കരുതപ്പെടുന്ന മലയാളി പ്രേക്ഷകര്‍ തമിഴ്‌നാടിനെ വെല്ലുന്ന രീതിയിലാണ് വിജയ് ചിത്രങ്ങളുടെ റിലീസ് ആഘോഷിച്ചു വരുന്നത്.

150 കോടി മുതല്‍ മുടക്കില്‍ ഏപ്രില്‍ 18-ന് പുറത്തിറങ്ങുന്ന മെര്‍സലിനെ വരവേല്‍ക്കാനും വലിയ തയ്യാറെടുപ്പാണ് കേരളത്തില്‍ ആരാധകര്‍ നടത്തിവരുന്നത്.

തെരുവുകളില്‍ മാത്രമല്ല, ഇതാദ്യമായി കോളേജ് കാമ്പസുകളിലും മെര്‍സലിനായി കാത്തിരിപ്പിലാണ് വിദ്യാര്‍ത്ഥികള്‍.

വിജയ് എന്ന താരത്തിന്റെ സിനിമയിലെ പ്രകടനം ആസ്വദിക്കുമ്പോള്‍ തന്നെ വ്യക്തി എന്ന നിലയില്‍ തലക്കനമില്ലാത്തതാണ് ഏറെ ആകര്‍ഷിക്കുന്നതെന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു.

സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും ആരാധകരില്‍ മിക്കവരും ദളപതിയുടെയും ആരാധകരാണ് എന്നതും ശ്രദ്ധേയമാണ്.

മെര്‍സല്‍ റിലീസാവുന്ന തിയേറ്ററുകള്‍ക്ക് മുന്നിലെ ഗതാഗത തടസ്സം മുന്‍നിര്‍ത്തി ആവശ്യമായ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തിയതായി പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Top