ഇന്ത്യന്‍ ക്രിക്കറ്റിന് സൂപ്പര്‍താര സിന്‍ഡ്രോം ; ധോണിക്കും ദ്രാവിഡിനുമെതിരെ രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിച്ചിരിക്കുന്ന സൂപ്പര്‍താര സിന്‍ഡ്രോമിനെതിരെ ആഞ്ഞടിച്ച് ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതിയില്‍ നിന്ന് രാജിവെച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ.

ബി.സി.സി.ഐയുടെ ഇടക്കാല ഭരസണമിതി അധ്യക്ഷന്‍ വിനോദ് റായിക്ക് അയച്ച രാജിക്കത്തിലാണ് രാമചന്ദ്ര ഗുഹ ധോണി, ദ്രാവിഡ്, ഗവാസ്‌ക്കര്‍ എന്നിവര്‍ക്കെതിരെയും ഇന്ത്യന്‍ ക്രിക്കറ്റിന് ബാധിച്ചിരിക്കുന്ന സൂപ്പര്‍താര സിന്‍ഡ്രോമിനെയും വിമര്‍ശിച്ചത്‌.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിക്ക് ബി.സി.സി.ഐ എ ഗ്രേഡ് താരത്തിനുള്ള ശമ്പളം നല്‍കുന്നത് എന്തിനാണെന്നും ധോണിക്ക് എങ്ങനെ എ ഗ്രേഡ് താരത്തിന്റെ ശമ്പളം ലഭിക്കുമെന്നും ഗുഹ കത്തില്‍ ചോദിക്കുന്നു.
ടെസ്റ്റില്‍ നിന്ന് വിരമിച്ച കളിക്കാരനാണ് ധോണി. എന്നിട്ടും അദ്ദേഹത്തെ എ ഗ്രേഡ് താരങ്ങളുടെ കരാര്‍ പട്ടികയിലാണ് ബി.സി.സി.ഐ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌ക്കറെയും ഗുഹ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മെന്ററും ഇന്ത്യന്‍ എ ടീമിന്റെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെയും ഗുഹ വിമര്‍ശിച്ചു. ഇന്ത്യന്‍ ടീമുമായി കരാറുള്ള ഒരു താരം ഐ.പി.എല്‍ ടീമിന്റെ പരിശീലകന്‍ കൂടി ആകുന്നത് എങ്ങനെയാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നാണ് ഗുഹ കത്തില്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ ടീം പരിശീലകനായ കുംബ്ലെയെ ബി.സി.സി.ഐ കൈകാര്യം ചെയ്ത രീതിയെയും ഗുഹ കത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

Top