ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ചു; സൂപ്പര്‍ കപ്പ് കിരീടം ബംഗളുരു എഫ് സിക്ക്‌

ഭുവനേശ്വര്‍: പ്രഥമ സൂപ്പര്‍ കപ്പ് കിരീടം ബംഗളുരു എഫ് സിക്ക്. ഫൈനലില്‍ ഒന്നിനെതിരെ നാല് ഗോളിന് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചു. സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവിലാണ് ബംഗളുരുവിന്റെ കിരീടനേട്ടം.

ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ സമദ് മാലിക് ചുവപ്പ് കാര്‍ഡ് കണ്ടതോടെ രണ്ടാം പകുതിയില്‍ പത്ത് പേരുമായാണ് ഈസ്റ്റ് ബംഗാള്‍ കളിച്ചത്.

28ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 39ാം മിനിറ്റില്‍ ബെംഗളൂരു സമനില പിടിച്ചു. ഹെഡ്ഡറിലൂടെ രാഹുല്‍ ബെക്കെയാണ് ബെംഗളൂരുവിന്റെ ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ ബെംഗളൂരു എഫ്.സി ആധിപത്യം നേടി. ഈസ്റ്റ് ബംഗാള്‍ താരം ഗുര്‍വീന്ദറിന്റെ ഹാന്‍ഡ് ബോളില്‍ റഫറി ബെംഗളൂരിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത സുനില്‍ ഛേത്രിക്ക് പിഴച്ചില്ല. രണ്ടു മിനിറ്റിനുള്ളില്‍ ബെംഗളൂരു വീണ്ടും ലക്ഷ്യം കണ്ടു. വിക്ടര്‍ പെരസിന്റെ പാസ്സില്‍ നിന്ന് മികുവാണ് ലക്ഷ്യം കണ്ടത്.

മത്സരത്തിന്റെ അവസാന മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ബംഗളുരു നാലാം ഗോള്‍ നേടി. മനോഹരമായ റണ്ണിനൊടുവില്‍ ബെക്ക നല്‍കിയ ക്രോസില്‍ ഛേത്രി ലക്ഷ്യം തെറ്റാതെ ഹെഡ്ഡ് ചെയ്യുകയായിരുന്നു.

Top