ഫുട്ബോൾ ഇതിഹാസം മെസിക്കൊപ്പം ഇന്ത്യൻ താരം സുനിൽ ഛേത്രി !

Sunil Chhetri

മുംബൈ: സുനില്‍ ഛേത്രി ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റി മുന്നേറുകയാണ്. ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസിക്കൊപ്പം സുനില്‍ ഛേത്രിയും ഇടം തേടി.

ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ കെനിയക്കെതിരെ രണ്ട് ഗോള്‍ നേടിയതോടെയാണ് ഛേത്രി മെസിയുടെ റെക്കോഡിനൊപ്പം എത്തിയത്. ഇതോടെ രാജ്യാന്ത്ര തലത്തില്‍ 64 ഗോളുകള്‍ എന്ന ടാലിയില്‍ എത്തിയിരിക്കുകയാണ് ഛേത്രി.

Sunil Chhetri

പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മാത്രമാണ് ഇനി ഛേത്രിക്ക് മുന്‍പിലുള്ളത്. 81 ഗോളുകളാണ് ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിന് വേണ്ടി നേടിയിരിക്കുന്നത്.

ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 19ാം സ്ഥാനത്താണ് ഛേത്രി. കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തും മെസി 18ാം സ്ഥാനത്തുമാണ്. ഇറാന്റെ ഇതിഹാസതാരം അലി ദേയിയാണ് ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒന്നാമത്. 109 ഗോളുകളാണ് അലി ദേശീയ ടീമിന് വേണ്ടി നേടിയത്. ഹംഗറിയുടെ ഫെറെന്‍ക് പുഷ്‌കസ് ആണ് രണ്ടാം സ്ഥാനത്ത്.

Sunil Chhetri

ലോകഫുട്ബോള്‍ ഇതിഹാസം ബ്രസീലിന്റെ പെലെ പട്ടികയില്‍ എഴാം സ്ഥാനത്താണ്. 77 ഗോളുകളാണ് പെലെ ദേശീയ ടീമിന് വേണ്ടി നേടിയത്.

2011 സാഫ് കപ്പില്‍ 6 ഗോളുകള്‍ അടിച്ചതായിരുന്നു ഛേത്രിയുടെ ഇതിനു മുമ്പുള്ള മികച്ച റെക്കോര്‍ഡ്.

Top