വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ ‘കൊലവിളി’ മുഴക്കിയ സുഗതകുമാരി പ്രതികരിക്കാത്തതെന്ത്‌

nehru1

തൃശൂര്‍ ജില്ലയിലെ പാമ്പാടി നെഹ്‌റു എന്‍ജിനിയറിംങ്ങ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ്‌യുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കാമ്പസുകളില്‍ നിന്ന് പടിയടച്ച് ‘പിണ്ഡം വയ്ക്കാന്‍’ മത്സരിച്ച് പ്രവര്‍ത്തിച്ച കവിയത്രി സുഗതകുമാരി അടക്കമുള്ളവര്‍ തയ്യാറാകണം.

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എതിരാളികളുടെ കത്തിമുനയാല്‍ ജീവന്‍ ഹോമിക്കപ്പെട്ട വിദ്യാര്‍ത്ഥികളേക്കാള്‍ എത്രയോ ഇരട്ടി പേരാണ് ഇപ്പോള്‍ റാഗിങ്ങിന്റെയും കോളജ് അധികൃതരുടെ പീഡനങ്ങള്‍ മൂലവും ജീവന്‍ നഷ്ടമാകുന്നതെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജിഷ്ണുവിന്റെ മരണം.

ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിലെ മര്‍ദ്ദനമേറ്റ പാടുകള്‍ക്ക് മറുപടി പറയേണ്ടത് കോളജ് അധികൃതരാണ്. ഈ കോളജിലെ ഇടിമുറി സംബന്ധമായി ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അരാഷ്ട്രീയ കാമ്പസുകളില്‍ നടക്കുന്ന കൊടും ക്രൂരതകളുടെ മറ്റൊരു പകര്‍പ്പാണിത്. ഏത് കൊമ്പത്തെ മുതലാളിയുടെ കോളേജായാലും ഇതിന് നടപടി അനിവാര്യമാണ്.

ജിഷ്ണുവിന്റെമേല്‍ ചാര്‍ത്തിയ കോപ്പിയടി ആരോപണം തെറ്റായിരുന്നുവെന്ന സഹപാഠികളുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇന്ന് യൂണിവേഴ്‌സിറ്റി അധികൃതരും പുറത്തുവിട്ടിരിക്കുന്നത്.

മരണത്തോട് മല്ലിട്ട ഈ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിക്കാന്‍പോലും അദ്ധ്യാപകര്‍ തയ്യാറായില്ല എന്നതും അതീവ ഗൗരവമുള്ളകാര്യമാണ്. യഥാസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ ജിഷ്ണുവിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.

മരണപ്പെട്ട ഏല്ലാ വിദ്യാര്‍ത്ഥികളുടേയും അമ്മമാരുടെ കണ്ണുനീരിന്റെ വില ഒന്നു തന്നെയാണെന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ മുന്‍പ്‌ അമ്മമാരുടെ പേരില്‍ കണ്ണീര്‍ വീഴ്ത്തിയ ‘മനുഷ്യസ്‌നേഹികള്‍’ ഓര്‍ക്കുന്നത് നല്ലതാണ്. പാമ്പാടി നെഹ്‌റു എന്‍ജിനിയറിംങ്ങ് കോളജില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയമുണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഇത്തരമൊരു ദാരുണ സംഭവം അവിടെ ഉണ്ടാകില്ലായിരുന്നു.

ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് പൊലീസ് വലയം ഭേദിച്ച് കോളജ് അടിച്ച് തകര്‍ത്ത വിപ്ലവ വീര്യത്തിന് ഒരു ഇടി മുറി തകര്‍ക്കാന്‍ എന്തായാലും അധിക സമയമൊന്നും വേണ്ടി വരില്ലായിരുന്നുവല്ലോ? വിദ്യാര്‍ത്ഥികളെ അരാഷ്ട്രീയ വാദികളാക്കാനും തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുമാണ് മാനേജ്‌മെന്റുകള്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളെ കാമ്പസുകളുല്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്.

ലക്ഷങ്ങള്‍ കോഴ നല്‍കി സ്വാശ്രയ കോളജുകളില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി പുറത്ത് വരുന്ന ഒരു വിദ്യാര്‍ത്ഥിക്ക് സാമൂഹിക പ്രതിബദ്ധതയേക്കാള്‍ മുടക്കിയ കാശ് തിരിച്ച് പിടിക്കാനുള്ള ത്വരയാണ് ഉണ്ടാകുക.അല്ലങ്കില്‍ കച്ചവട മനസുള്ള ‘ഉപദേശികള്‍’ അവനെ അങ്ങനെയൊക്കെയാക്കി മാറ്റും. കഴുത്തറപ്പന്‍ ഫീസില്‍ മാത്രമല്ല മനുഷ്യ ജീവനു തന്നെ ഇത്തരം കച്ചവട താല്‍പര്യങ്ങള്‍ അപകടകരമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇടത്തേ കണ്ണിന് ഓപ്പറേഷന് ചെന്നവന്റെ വലത്തേക്കണ്ണ് മാറ്റി വച്ചതും ശസ്ത്രക്രിയക്ക് ശേഷം ഓപ്പറേഷന് ഉപയോഗിച്ച ഉപകരണങ്ങള്‍ വയറ്റില്‍ ‘അബദ്ധത്തില്‍’ കുടുങ്ങിയ സംഭവങ്ങളുമെല്ലാം ഇതോടൊപ്പം ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യങ്ങളാണ്.

സ്വാശ്രയ മേഖലയിലെ ഒരു ഉദാഹരണം മാത്രമാണിത്.തെറ്റുകളും കുഴപ്പങ്ങളും ഏറെ കൂടുതലുള്ള മേഖല ആയതിനാല്‍ ഇത്തരം കാര്യങ്ങള്‍ മറച്ച് പിടിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളെ ഒഴിവാക്കേണ്ടത് കച്ചവട മാനേജ്‌മെന്റുകളുടെ ആവശ്യമാണ്. റാഗിങ്ങ് തൊഴിലാക്കിയ ക്രിമിനല്‍ വിദ്യാര്‍ത്ഥി സംഘത്തെയും ഗുണ്ടകളെയും ചില സ്വാശ്രയ മാനേജ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതും ഇക്കാരണത്താലാണ്.

വര്‍ഗ്ഗീയ സംഘടനകളുടെയും ലഹരി വസ്തുക്കളുടെയും സ്വാധീനവും സ്വാശ്രയ കാമ്പസുകളില്‍ ഇപ്പോള്‍ വ്യാപകമാണ്.

പുരോഗമന-വിപ്ലവ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉഴുത് മറിച്ച് പാകപ്പെടുത്തിയ കേരളീയ വിദ്യാഭ്യാസ മേഖലയില്‍ അശാന്തിയുടെ വിത്ത് പാകാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് പ്രതികരണ ശേഷിയുള്ള ഒരു സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

കൊടിയുടെ നിറം നോക്കാതെ പാമ്പാടി സംഭവത്തില്‍ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകളെല്ലാം സ്വീകരിച്ച നിലപാട് മാതൃകാപരമാണ്.പുറത്ത് നിന്ന് പോലും സംഘടിച്ചെത്തി പ്രതികരിക്കുകയും പാമ്പാടി നെഹ്രു കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും ആവേശവും വിതറുകയും ചെയ്ത വിദ്യാര്‍ത്ഥി സംഘടനകളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. എന്തൊക്കെ ദൗര്‍ബല്യങ്ങള്‍ ആരോപിച്ചാലും കാമ്പസുകളില്‍ പാറുന്ന കൊടിയുടെ തണല്‍ മതി തങ്ങളുടെ മക്കളുടെ സുരക്ഷിതത്വത്തിന് എന്ന് തിരിച്ചറിയാന്‍ ഇനിയെങ്കിലും രക്ഷിതാക്കളും തയ്യാറാവണം.

മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം പ്രാപ്തമാക്കാന്‍ ഉള്ളതെല്ലാം വിറ്റും പണയം വെച്ചും മാതാപിതാക്കള്‍ ഉണ്ടാക്കുന്ന പണം ഊറ്റി കുടിക്കുന്ന നിരവധി മാനേജ്‌മെന്റുകളുണ്ട് കേരളത്തില്‍.

ഇത്തരക്കാര്‍ക്കെതിരെ മുന്‍പ് നടന്ന ഒരു സമരത്തെ അഭിസംബോധന ചെയ്യുമ്പോള്‍ സ്വാശ്രയ സമരത്തിന്റെ ഭാഗമായി വെടിയേറ്റ് മരിച്ച എസ് എഫ് ഐ പ്രവര്‍ത്തകന്‍ കെ വി റോഷന്റെ പിതാവ് പറഞ്ഞ വാക്കുകള്‍ ഈയൊരു സാഹചര്യത്തില്‍ വീണ്ടും പ്രസക്തമാവുകയാണ്. ‘അവനെ ജീവിപ്പിക്കാനുള്ള മന്ത്രം എന്റെ കൈവശമുണ്ടായിരുന്നെങ്കില്‍ അവന് വീണ്ടും ജീവന്‍ നല്‍കി നിങ്ങളോടൊപ്പം സമരപന്തലില്‍ ഇരുത്തുമായിരുന്നു’ …മകന്‍ സ്വന്തം കണ്‍മുന്‍പില്‍ പിടഞ്ഞ് മരിക്കുന്നത് കാണേണ്ടി വന്ന ഒരു പിതാവിന്റെ വാക്കുകളാണിത്.

സ്വന്തം നേട്ടത്തിന് വേണ്ടിയല്ല റോഷനടക്കമുള്ളവര്‍ ജീവന്‍ വെടിഞ്ഞത്. ഇന്നും കൊടിയ മര്‍ദ്ദനത്തിന്റെ അടയാളങ്ങളും അവശതകളുമായി ജീവിക്കുന്ന നിരവധി പേര്‍ ഇവിടെയുണ്ട്. അവര്‍ അടി വാങ്ങി നേടി തന്ന നേട്ടങ്ങള്‍ അനുഭവിക്കാത്ത ഒരു കുട്ടി പോലും കാമ്പസ് രാഷ്ട്രീയത്തിനെതിരെ ഉറഞ്ഞ് തുള്ളുന്നവരുടെ കുടുംബത്തിലുണ്ടാവാതിരിക്കില്ല. പ്രതികരണ ശേഷിയുള്ള ഒരു കാമ്പസിനേ… പ്രതികരണ ശേഷിയുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ കഴിയൂ.അത്തരം കലാലയങ്ങളില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിതത്വം കൂടുതല്‍ ലഭിക്കു… ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന നിമിഷം നെറികേടുകള്‍ക്കും വിരാമമാകും.

” Whenever death may surprise us, let it be welcome if our battle cry has reached even one receptive ear and another hand reaches out to take up our arms’‘ മരണത്തിന്റെ മുഖത്ത് ചവിട്ടിയ ധീര വിപ്ലവകാരി ചെ ഗുവേരയുടെ ഈ വാക്കുകളാണ് ജിഷ്ണു പ്രണോയ് എന്ന പതിനെട്ടു വയസ്സുകാരന്‍ തനിക്കേറ്റവും പ്രിയപ്പെട്ട വാചകമായി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് ഇപ്പോള്‍ നടക്കുന്ന പോരാട്ടങ്ങളെ പ്രചോദിപ്പിക്കുന്നതാണ് ഈ വാക്കുകള്‍…

Team ExpresskeralaRelated posts

Back to top