രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്ന് സുധീന്ദ്ര കുല്‍ക്കര്‍ണി

rahul

മുംബൈ: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്ന് എല്‍കെ അദ്വാനിയുടെ മുന്‍ സഹായിയായ സുധീന്ദ്ര കുല്‍ക്കര്‍ണി. കശ്മീര്‍ വിഷയം പോലുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ളയാളാണ് രാഹുല്‍. മാത്രമല്ല നല്ലൊരു ഹൃദയമുള്ള നേതാവ് കൂടിയാണ് അദ്ദേഹമെന്നും കുല്‍ക്കര്‍ണി പറഞ്ഞു. മുംബൈയില്‍ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു കുല്‍ക്കര്‍ണി.

പാക്കിസ്ഥാനുമായുള്ള പ്രശ്‌ന പരിഹാരത്തിന് നമുക്കെന്താണ് വേണ്ടതെന്നാണ് ഇവിടെ പറയേണ്ടത്. അതിനാലാണ് രാഹുല്‍ ഗാന്ധി ഭാവി പ്രധാനമന്ത്രിയാവണമെന്ന തന്റെ ആഗ്രഹം ഇവിടെ പറയുന്നത്. ചെറുപ്പക്കാരനും ആദര്‍ശവാനുമാണ് രാഹുല്‍ ഗാന്ധി. സഹാനുഭൂതിയുള്ള മനുഷ്യനാണദ്ദേഹം. ഈ അടുത്ത കാലത്ത് ഒരു രാഷ്ട്രീയ നേതാവും സ്‌നേഹത്തിന്റെ കരുണയുടെ സഹാനുഭൂതിയുടെ ഭാഷയില്‍ സംസാരിച്ചിട്ടില്ലെന്നും കുല്‍ക്കര്‍ണി കൂട്ടിച്ചേര്‍ത്തു.

രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മറ്റ് രാജ്യങ്ങളില്‍ പോയി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചതു പോലെ 2019 തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും ബംഗ്ലാദേശും സന്ദര്‍ശിച്ച് വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികളുമായി വരണമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനുമായി ദീര്‍ഘ കാലമായി നിലനില്‍ക്കുന്ന സംഘര്‍ഷം ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ. അയല്‍രാജ്യവുമയി സന്ധി സംഭാഷണങ്ങളിലേര്‍പ്പെടുന്നത് ഒരു മികച്ച രാജ്യമായി ഇന്ത്യയെ മാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുമെന്നും കുല്‍ക്കര്‍ണി വ്യക്തമാക്കി.

Top