കരുനാഗപള്ളി സബ് ജഡ്ജിയുടെ ഉത്തരവ്; ഹൈക്കോടതി ഇടപെടണമെന്ന് സുധീരന്‍

sudeeran_binoy

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കും ഇടത് എം.എല്‍.എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനുമെതിരായ യു.എ.ഇ പൗരന്റെ പത്ര സമ്മേളനം റദ്ദാക്കേണ്ടി വന്നതില്‍ പ്രതികരണങ്ങളുമായി നേതാക്കള്‍ രംഗത്ത്.

മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയ കരുനാഗപ്പള്ളി സബ് കോടതി നടപടി ഹൈക്കോടതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

അസാധാരണ നടപടിയാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇത് കോടതിയുടെ അമിതാധികാര പ്രയോഗമാണ്. ഹൈക്കോടതി ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണം. തെറ്റായ പ്രവണതയാണിത്. ജനങ്ങളുടെ വിശ്വാസമാണ് ജുഡീഷ്യറിയുടെ ശക്തി. ആ വിശ്വാസത്തിന് ഈ വിധിയോടെ കോട്ടം തട്ടിയിരിക്കുകയാണ്.

ഇക്കാര്യത്തില്‍ സ്വമേധയാ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി തയ്യാറാവണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു. പരാതിക്കാര്‍ക്ക് പറയാനുള്ള അവകാശത്തെ നിഷേധിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ്സ് വക്താവ് രാജ് മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു.

അടിയന്തരാവസ്ഥയ്ക്ക് തുല്യമായ നടപടിയാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് മാധ്യമ നിരീക്ഷകനും മുന്‍ എം.പിയുമായ സെബാസ്റ്റ്യന്‍ പോള്‍ തുറന്നടിച്ചു.

എതിര്‍ ഭാഗത്തിന്റെ അഭിപ്രായം മാനിക്കാത്ത ഈ ഉത്തരവ് ശരിയല്ലെന്ന് പറഞ്ഞ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍, വിജയന്‍ പിള്ളക്ക് പണം ഉള്ളതിനാല്‍ സ്വാധീനിച്ചോ എന്ന് സംശയമുണ്ടെന്നും അഭിപ്രായപ്പെട്ടു.

Top