വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ബസുടമകള്‍ കോടതിയിലേക്ക്

students

പാലക്കാട്: വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ വര്‍ധനവ് ആവശ്യപ്പെട്ട് ബസുടമകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം വിദ്യാര്‍ഥികളുടെ നിരക്കുവര്‍ധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പാലക്കാട് ചേര്‍ന്ന ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചത്.

വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ബസുടമകളുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങാതിരുന്നതിനാലാണ് നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് രണ്ടുരൂപയാക്കണമെന്നും 2.5 കിലോമീറ്ററിന് ശേഷം ചാര്‍ജിന്റെ 25 ശതമാനം നല്‍കണമെന്നുമാണ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സര്‍ക്കാര്‍ അംഗീകൃത യാത്രാ പാസില്ലാത്ത വിദ്യാര്‍ഥികള്‍ക്കും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കും യാത്ര ആനുകൂല്യം നല്‍കേണ്ടതില്ലെന്നും ആര്‍.ടി.ഒ നല്‍കുന്ന കാര്‍ഡില്ലാത്തവര്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ കണ്‍സഷന്‍ നല്‍കേണ്ടന്നും യോഗത്തില്‍ തീരുമാനിച്ചു.

സ്വകാര്യ ബസുകള്‍ നല്‍കുന്ന അതേ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയിലും കണ്‍സഷന്‍ നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ പഠനം സ്വകാര്യ ബസുടമകളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Top